വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായ ജെൻസന്റെ മരണവാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൽപ്പറ്റ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൺ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഉള്ളുലയ്‌ക്കുന്ന വിയോഗവർത്തയിൽ സിനിമ രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും തങ്ങളുടെ ദുഃഖം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടി മഞ്ജു വാര്യരും ജെൻസന്റെ മരണവർത്തയിൽ വൈകാരികമായ പ്രതികരണം നടത്തിയിരിക്കുകയാണ്.
ഒരു വാക്കിനും ശ്രുതിയുടെ വേദന ഉൾക്കൊള്ളാനാകില്ലെന്ന് മഞ്ജു പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടപ്പോൾ കൈപിടിച്ച ജെൻസനെയും മരണം കൊണ്ടുപോയി. ഇനി ലോകമൊന്നാകെ ശ്രുതിയെ ഏറ്റെടുക്കട്ടെ എന്നാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്.
മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം:-
“ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്‌ക്കാനാകില്ല ആ പെണ്‍കുട്ടിയുടെ കണ്ണീര്‍. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെൻസൺ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ…അവളെ ഏറ്റെടുക്കട്ടെ”
നേരത്തെ നടന്മാരായ ഫഹദ് ഫാസിലും മമ്മൂട്ടിയും സമൂഹ മാദ്ധ്യമത്തിലൂടെ ജെൻസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.