കൊച്ചി: പറയാനുളളത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് നടിയും നിർമാതാവുമായ ഷീലു ഏബ്രഹാം. ഓണം റിലീസ് സിനിമകളിൽ തന്റെ സിനിമയുടെ പേര് പരാമർശിക്കാത്തതിന് ആസിഫ് അലിക്കും ടൊവിനോയ്‌ക്കും പെപ്പെയ്‌ക്കുമെതിരെ ഷീലു ഏബ്രഹാം നടത്തിയ വിമർശനം സിനിമാ ലോകത്ത് ചർച്ചയായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അവർ.
കൃത്യമായി ചുരുങ്ങിയ വാക്കുകളിൽ എന്റെ സങ്കടം അവിടെ പറഞ്ഞിട്ടുണ്ട്. വേറെ ഒരു വളച്ചൊടിക്കലിന്റെയും കാര്യമില്ല. തന്റെ വാക്കുകളിലെ പവർഗൂപ്പ് എന്ന പ്രയോഗം മാത്രമെടുത്ത് ഉയർത്തിക്കാണിക്കണ്ട. ആസിഫിന്റെയും ടൊവിനോയുടെയും പെപ്പെയുടെയും സിനിമകൾ നല്ലതാകണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഷീലു ഏഹ്രഹാം പറഞ്ഞു.
ഓണം സിനിമ എന്ന് പറയുമ്പോൾ എപ്പോഴും ഒരു മത്സരം ഉണ്ടാകും. അങ്ങനെ വരുമ്പോൾ എല്ലാവരും ആർട്ടിസ്റ്റുകളാണ്. എന്റെ സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകളൊക്കെ പ്രതീക്ഷിച്ചു ഞങ്ങളുടെ സിനിമയും അവർ ചെറുതായിട്ടെങ്കിലും മെൻഷൻ ചെയ്യുമെന്ന്. പേര് പറഞ്ഞില്ലെങ്കിലും എല്ലാ സിനിമകളും നന്നായി വരട്ടെയെന്നെങ്കിലും പറയുമെന്ന് കരുതി. അങ്ങനെ ഉണ്ടായില്ല. അതാണ് തുറന്നുപറഞ്ഞത്.
മനപ്പൂർവ്വമല്ലെന്ന് ആസിഫ് അലി പറഞ്ഞതായി ഞാൻ അറിഞ്ഞു, നല്ല കാര്യം. അവർക്ക് വിഷമം വന്നെങ്കിലും എന്റെ സങ്കടമാണ് ഞാൻ പറഞ്ഞത്. അതിനെ വേറൊരു തരത്തിലും വളച്ചൊടിക്കരുത്. അതിവിടം കൊണ്ട് കഴിഞ്ഞു. എല്ലാവരുടെയും സിനിമകൾ നന്നാവട്ടെ. ഞാൻ പറഞ്ഞത് ഞങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ട് മാത്രമാണ്. എല്ലാവർക്കും അവരുടെ സിനിമ നല്ലതാകണമെന്ന് ആഗ്രഹമുണ്ട്. എല്ലാ സിനിമകളും വിജയിക്കട്ടെ എന്നാണ് ആഗ്രഹമെന്നും ഷീലു ഏബ്രഹാം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആസിഫും പെപ്പെയും ടൊവിനോയും സോഷ്യൽ മീഡിയയിലിട്ട വീഡിയോയാണ് വിവാദമായത്. ഷീലു നിർമിക്കുന്ന ബാഡ് ബോയ്‌സ് ഉൾപ്പെടെയുളള ഓണം റിലീസ് സിനിമകളുടെ കാര്യം പരാമർശിക്കാതെ മൂവരുടെയും സിനിമകൾ മാത്രമാണ് ഓണം റിലീസ് എന്ന മട്ടിലായിരുന്നു ഇവർ വീഡിയോയിൽ പറഞ്ഞത്. ഇതിനെതിരെയാണ് ഷീലു സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.