ഗാസ: ഇസ്രായേലിനെതിരെ 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഒസാമ ഹംദാന്‍. ഹമാസിന് നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇനിയും ശക്തമായ രീതിയില്‍ ഇസ്രായേലിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഹമാസിന് വലിയ ശേഷിയുണ്ടെന്നും ഹംദാന്‍ അവകാശപ്പെടുന്നു. ഇസ്താംബൂളില്‍ വച്ച് നടത്തിയ അഭിമുഖത്തിനിടെയാണ് ഹംദാന്റെ പരാമര്‍ശം.
” യുദ്ധത്തില്‍ ധാരാളം വലിദാനികള് ഉണ്ടായിരുന്നു. വലിയ ത്യാഗങ്ങള്‍ സംഭവിച്ചു. എന്നാല്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി പുതിയ തലമുറയിലെ ആളുകളെ ഹമാസിലേക്ക് അപ്പോഴും റിക്രൂട്ട് ചെയ്യുന്നുണ്ടായിരുന്നു. വലിയ രീതിയിലുള്ള അനുഭവസമ്പത്ത് നേടാനായി. ഇത്രയും വലിയൊരു യുദ്ധമായിരുന്നിട്ട് കൂടി കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും” ഹംദാന്‍ പറഞ്ഞു.
യുദ്ധം ഒഴിവാക്കാന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്ക തയ്യാറാകുന്നില്ലെന്നും ഹംദാന്‍ ആരോപിച്ചു. ” അമേരിക്കന്‍ ഭരണകൂടം വേണ്ടത്ര രീതിയില്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. വെടിനിര്‍ത്തലില്‍ നിന്നുള്ള ഇസ്രായേലിന്റെ ഒഴിഞ്ഞുമാറലുകളെ അവര്‍ ഓരോ രീതിയിലും ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. ഇസ്രായേല്‍ ഒരിക്കലും ശക്തമായ പ്രതിരോധ ശക്തി ഉള്ളവരല്ല. കഴിഞ്ഞ ദിവസങ്ങള്‍ ഹൂതികള്‍ സെന്‍ട്രല്‍ ഇസ്രായേലിന് നേരെ വ്യോമാക്രമണം നടത്തി. ഇതെല്ലാം ഇസ്രായേലിന്റെ കഴിവിന്റെ പരിമിതികള്‍ തെളിയിക്കുന്നതാണ്. വ്യോമ പ്രതിരോധ സംവിധാനമെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും” ഹംദാന്‍ പറയുന്നു.
അതേസമയം വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിക്കുന്നത് ഹമാസ് ആണെന്നും, അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മേല്‍ വഴങ്ങില്ലെന്നുമാണ് നെതന്യാഹു പറയുന്നത്. ഇസ്രായേല്‍ സൈന്യം 17,000ത്തിനടുത്ത് ഹമാസ് ഭീകരരെ വധിച്ചതായും നെതന്യാഹു പറയുന്നു. ബന്ദികളാക്കപ്പെട്ടവര്‍ക്ക് പകരമായി ഇസ്രായേലില്‍ തടങ്കലിലുള്ള മുഴുലന്‍ ഹമാസ് ഭീകരരേയും വിട്ടയയ്ക്കണമെന്ന ആവശ്യം ഹമാസ് മുന്നോട്ട് വച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ ഇസ്രായേലും തയ്യാറായിട്ടില്ല. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന സമാധാന മധ്യസ്ഥ ചര്‍ച്ചകളിലും അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴിന് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇവരില്‍ 97 പേര് ഇപ്പോഴും തടങ്കലിലാണ്. 33 പേര് കൊല്ലപ്പെടുകയും ചെയ്തു.