ന്യൂഡൽഹി: നിയുക്ത മുഖ്യമന്ത്രിയായി അതിഷി മർലേനയെ ആംആദ്മി പാർട്ടി തെരഞ്ഞെടുത്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി എഎപിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ. 2001ലെ പാർലമെന്റ് ആക്രമണക്കേസ് പ്രതിയായ ഭീകരൻ അഫ്സൽ ഗുരുവിന്റെ വധശിക്ഷ റദ്ദാക്കാൻ ദയാഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കളെന്ന് സ്വാതി മാലിവാൾ ആരോപിച്ചു.
അതിഷിയെ ‘ഡമ്മി മുഖ്യമന്ത്രി’യെന്ന് വിമർശിച്ച സ്വാതി മാലിവാൾ, ഡൽഹിയെ ഇനി ദൈവം കാത്തുകൊള്ളട്ടെയെന്നും കൂട്ടിച്ചേർത്തു. ഇന്നത്തെ ദിവസം ഡൽഹിയെ സംബന്ധിച്ചിടത്തോളം തീർത്തും ദുഃഖകരമാണ്. ഭീകരൻ അഫ്സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ സുദീർഘമായ പോരാട്ടം നടത്തിയ കുടുംബാംഗമാണ് ഡൽഹിയുടെ മുഖ്യമന്ത്രിയാകാൻ പോകുന്നത്. അഫ്സൽ ഗുരുവിനെ രക്ഷിക്കാൻ ബഹുമാനപ്പെട്ട രാഷ്‌ട്രപതിക്ക് മുൻപാകെ ദയഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കൾ. അവരെ സംബന്ധിച്ചിടത്തോളം അഫ്സൽ ഗുരു നിരപരാധിയായിരുന്നു. രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി അഫ്സൽ ഗുരു കുടുങ്ങിയതാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. – സ്വാതി മാലിവാൾ എക്സിൽ കുറിച്ചു.
അതിഷി മർലേന കേവലമൊരു ഡമ്മി മുഖ്യമന്ത്രി മാത്രമാകും. രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യമാണത്. ഡൽഹിയെ ദൈവം സംരക്ഷിക്കട്ടെയെന്നും മാലിവാൾ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആംആദ്മി പാർട്ടി എംഎൽഎമാർ ചേർന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മദ്യനയ അഴിമതിയുടെ പശ്ചാത്തലത്തിൽ ബിജെപി ശക്തമായ സമ്മർദ്ദവും പ്രതിഷേധവും നടത്തിയതിനെ തുടർന്ന് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രിയായി നിയമസഭ കക്ഷിയോഗം തീരുമാനിച്ചത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹിയുടെ വനിതാ മുഖ്യമന്ത്രിയാകുന്ന വ്യക്തി കൂടിയാവുകയാണ് അതിഷി.