തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശത്തേക്ക്. കുടുംബ സമേതം ഓസ്ട്രേലിയയിലേക്കാണ് എംവി ഗോവിന്ദൻ തിരിച്ചത്.
ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് എംവി ഗോവിന്ദൻ വിമാനം കയറിയത്. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കിയ ശേഷമുള്ള യാത്രയാണിത്. രണ്ടാഴ്ചത്തെ സന്ദർശനത്തിനാണ് അദ്ദേഹം പുറപ്പെട്ടത്.
യെച്ചൂരിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കവേയാണ് പിബി അംഗം കൂടിയായ എംവി ഗോവിന്ദന്റെ വിദേശ യാത്ര. നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കൻ പര്യടനം നടത്തിയത് വൻ വിമർശനങ്ങൾക്കാ പാത്രമായിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് സിപിഎം സംസ്ഥന സെക്രട്ടറിയുടെ ഓസ്ട്രേലിയൻ പര്യടനവും. പാർട്ടിക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച് വിമർശനങ്ങൾ ഉയരുകയാണെന്നാണ് വിവരം. എന്നാൽ വിമർശനത്തിന് പ്രസക്തിയില്ലെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.