ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 21 മുതൽ 23 വരെയാണ് സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ 21ന് യുഎസിലെ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ശേഷം സെപ്റ്റംബർ 23ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലെ ‘Summit of the Future’ലും അദ്ദേഹം പങ്കാളിയാകും. ‘മെച്ചപ്പെട്ട നാളേയ്‌ക്കായി ബഹുമുഖ പരിഹാരങ്ങൾ’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം (Multilateral solutions for a better tomorrow).
സെപ്റ്റംബർ 22ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, നിർമിതബുദ്ധി (AI), ബയോടെക്നോളജി, സെമികണ്ടക്ടർ തുടങ്ങിയ മേഖലകളിൽ സഹകരണം വളർത്തുന്നതിന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ CEO ചുമതല വഹിക്കുന്നവരുമായി സംവദിക്കും.