ആദ്യ ചിത്രത്തിലേക്ക് കടന്നുവന്ന ഓർമകൾ പങ്കുവച്ച് ഹണി റോസ്. അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് സംവിധായകനോട് സ്വയം ചെന്ന് പറയുകയായിരുന്നുവെന്ന് ഹണി റോസ് പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.. – ഹണി റോസ് പങ്കുവച്ചു.
തൊടുപുഴ മൂലമറ്റമാണ് എന്റെ നാട്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ നാട്ടിൽ വിനയൻ സാറിന്റെ സിനിമയുടെ ഷൂട്ട് വന്നു. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു നടന്നത്. എന്റെ കുടുംബത്തിന് അറിയുന്ന ഒരാളുടെ വീട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. അങ്ങനെ സിനിമാ ഷൂട്ടിംഗ് കാണാൻ വേണ്ടി അവിടേക്ക് ചെന്നു.
എന്നെ കണ്ട അണിയറപ്രവർത്തകരിൽ ആരോ ഒരാൾ ചോദിച്ചു, അഭിനയിക്കാൻ ഇഷ്ടമാണോയെന്ന്.. എന്നോട് ഇങ്ങനെ ചോദിച്ചുവെന്ന കാര്യം നാട്ടിൽ മുഴുവൻ പാട്ടായി. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും സിനിമയിൽ ഹണിക്ക് ചാൻസ് കിട്ടിയെന്നും എന്നെ സിനിമയിലെടുത്തുവെന്നുമാണ് നാട്ടിൽ പ്രചരിച്ചത്. ഞാൻ അഭിനയിച്ചുവെന്നൊക്കെ നാട്ടിൽ എല്ലാവരും പറയാൻ തുടങ്ങി. അഭിനയിക്കാതെ തന്നെ അഭിനയിച്ചുവെന്ന കഥ പരന്നപ്പോൾ സിനിമയിൽ അഭിനയിക്കാനുള്ള ഒരു മോഹം ഞാൻപോലുമറിയാതെ ഉടലെടുത്തു.
അതോടെ ചാൻസ് ചോദിക്കാൻ തന്നെ തീരുമാനിച്ചു. ആ സിനിമയുടെ ഷൂട്ട് കഴിയുന്നതിന് മുൻപ് തന്നെ വിനയൻ സാറിനെ പോയി കണ്ടു, അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. വീട്ടിലെല്ലാവരും അന്ന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ആ ധൈര്യത്തിലാണ് ചെന്ന് സംസാരിച്ചത്. അപ്പോൾ ഞാൻ ചെറിയ കുട്ടിയാണ്. എന്നെ കണ്ട വിനയൻ സാർ ഞാൻ ചെറിയ കുട്ടിയാണെന്ന് പറഞ്ഞു. വരട്ടെ, ഒരു പ്ലസ് ടു ഒക്കെയാകട്ടെയെന്ന് സാർ മറുപടി നൽകി. പിന്നെ 10-ാം ക്ലാസായപ്പോൾ എന്റെ കുറേ ഫോട്ടോസ് ഒക്കെ എടുത്ത് അച്ഛൻ വിനയൻ സാറിനെ പോയി കണ്ടു. അപ്പോൾ ബോയ്ഫ്രണ്ട് സിനിമയുടെ ചർച്ച നടക്കുന്ന സമയമാണ്. അങ്ങനെ ആ സിനിമയിലേക്ക് സെലക്ടായി.- ഹണി റോസ് പങ്കുവച്ചു.