മലപ്പുറം: യുഎഇയിൽ നിന്നെത്തിയ 38-കാരനിൽ എംപോക്‌സ് രോഗത്തിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. Clade 1b വകഭേദമാണ് പ്രവാസിക്ക് സ്ഥിരീകരിച്ചത്. എംപോക്‌സിന്റെ ഈ വകഭേദത്തിന്റെ വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എംപോക്‌സ് രോഗ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷനിൽ കഴിയുന്ന 38 കാരന്റെ സ്രവ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിരുന്നു. തുടർന്നാണ് മാരക വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങളോട് വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നും രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.
സെപ്തംബർ 18-നാണ് യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ചത്. പനിയും ശശീര വേദനയുമായി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ആശുപത്രി അധികൃതർ യുവാവിന്റെ സ്രവം കോഴിക്കോട് മെഡിക്കൽ ആശുപത്രിക്ക് അയക്കുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. നേരത്തെ ഹരിയാന സ്വദേശിയായ 26-കാരന് ആഫ്രിക്കൻ Clade IIb സ്ഥിരീകരിച്ചിരുന്നു.















