ന്യൂഡൽഹി: തീവ്രവാദം എന്ന ലോകത്തിനൊന്നാകെ ഭീഷണിയാണെന്നും, അത് ഏത് രൂപത്തിലായാലും ശക്തമായി പ്രതിരോധിക്കപ്പെടണമെന്നുമുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയെ പിന്തുണച്ച് ബ്രസീൽ വിദേശകാര്യമന്ത്രി മൗറോ വിയേരയും, ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രി റൊണാൾഡ് ലമോളയും. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബയ്‌ക്കും ജയ്ഷ് ഇ മുഹമ്മദിനുമെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎൻ സുരക്ഷാ സമിതി ഏർപ്പെടുത്തുന്ന ഉപരോധങ്ങളിൽ ഇരട്ടനിലപാട് സ്വീകരിക്കാതെ ഭീകരതയ്‌ക്കെതിരെ കൃത്യമായ നടപടി എടുക്കാൻ സാധിക്കണമെന്നും പാകിസ്താന്റെ പേര് പരാമർശിക്കാതെ ഇവർ വ്യക്തമാക്കി. പാകിസ്താൻ അംഗമാകാൻ ആഗ്രഹിക്കുന്ന ബ്രിക്‌സ് ഗ്രൂപ്പിലെ അംഗങ്ങളാണ് മൂന്ന് രാജ്യങ്ങളും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും തീവ്രവാദം എന്ന വിപത്ത് പടർന്നു പിടിക്കുന്നുണ്ടെന്നും, തീവ്രവാദികളുടെ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവർ ഉൾപ്പെട്ട ഐബിഎസ്എ ഫോറം അറിയിച്ചു.
ഭീകരതയ്‌ക്കെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണം. അതിർത്തി കടന്നുള്ള തീവ്രവാദം, ഭീകരസംഘടനകൾക്ക് ധനസഹായം കൈമാറുന്നത് എന്നിവ ഉൾപ്പെടെ തീവ്രവാദത്തെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ നടപടികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രിമാർ ചൂണ്ടിക്കാണിച്ചു. അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള യുഎന്നിന്റെ പങ്കിന് പിന്തുണ നൽകുന്നതായും ഇവർ പ്രസ്താവനയിലൂടെ അറിയിച്ചു.















