മലപ്പുറം: നിലമ്പൂരിൽ ബന്ധുക്കളോടുള്ള വൈരാഗ്യത്തിൽ നാല് വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ പിതാവിന് ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി. ചാലിയാർ സ്വദേശി അബ്ദുൾ കലാമിനെയാണ് (41) നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷിച്ചത്.
ജഡ്ജി കെപി ജോയ് വിചാരണ നടത്തിയാണ് ശിക്ഷ വിധിച്ചത്. 5,000 രൂപ പിഴയടക്കാനും പിതാവിനോട് കോടതി നിർദേശിച്ചു. പ്രതിക്ക് മതിയായ ജാമ്യക്കാർ ഹാജരായത് പ്രകാരം അപ്പീൽ നൽകുന്നതിലേക്കായി ഒരു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നാല് വയസുകാരിയായ മകളെ ബന്ധു പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു. ഇതോടെ പൊലീസ് പിതാവിനെതിരെ കേസെടുത്തു. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസവും ഒരാഴ്ചയും അധിക തടവും പ്രതി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി.















