ടെൽഅവീവ്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയ്ക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ലെബനനിൽ നിന്ന് മാറിനിൽക്കണമെന്നാണ് ഖമേനി നസ്റല്ലയോട് ആവശ്യപ്പെട്ടത്. സെപ്തംബർ 17ന് പേജറുകൾ പൊട്ടിത്തെറിച്ച് ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ലെബനനിൽ നിന്ന് ഇറാനിലേക്ക് മാറണമെന്ന സന്ദേശം നസ്റല്ലയ്ക്ക് ഒരു ദൂതൻ വഴി ഖമേനി കൈമാറിയതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡറായ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫറൗഷാനാണ് ദൂതനായി പോയത്. ഇസ്രായേൽ ആക്രമണം നടത്തുന്ന സമയത്ത് നസ്റല്ലയ്ക്കൊപ്പം ബങ്കറിൽ ഉണ്ടായിരുന്ന ഇയാളും കൊല്ലപ്പെടുകയായിരുന്നു. ഇസ്രായേൽ ഹിസ്ബുള്ള ഭീകരർക്കെതിരായ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഖമേനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇസ്രായേലിന് നേരെ കഴിഞ്ഞ ദിവസം 200ഓളം മിസൈലുകൾ തൊടുത്തത് ഖമേനിയുടെ നിർദ്ദേശപ്രകാരമാണെന്നും ഇറാന്റെ ഉദ്യോഗസ്ഥൻ പറയുന്നു. നസ്റല്ലയുടേയും ദൂതനായി പോയ അബ്ബാസിന്റേയും മരണത്തിനുള്ള പ്രതികാരമെന്നാണ് റെവല്യൂഷണറി ഗാർഡ്സിന്റെ പ്രസ്താവനയിൽ പറയുന്നത്.
ഖമേനിയുടെ വിശ്വസ്തനായ സൈനിക ഉപദേശകൻ കൂടിയായിരുന്നു അബ്ബാസ്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയ കാര്യവും പ്രസ്താവനയിൽ പറയുന്നുണ്ട്. അതേസമയം ഹനിയയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഹിസ്ബുള്ളയുടെ 7 നേതാക്കളെയാണ് ഒരാഴ്ചയ്ക്കിടെ ഇസ്രായേൽ വകവരുത്തിയത്. ഇതിനിടെ ഇസ്രായേൽ ഖമേനിയെ ലക്ഷ്യം വയ്ക്കുകയാണെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് ഖമേനിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഹിസ്ബുള്ളയ്ക്കെതിരായ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.
1980ൽ ഇറാന്റെ പിന്തുണയോടെയാണ് ഹിസ്ബുള്ള സ്ഥാപിതമാകുന്നത്. 1989 മുതൽ ഖമേനി ഹിസ്ബുള്ളയ്ക്ക് ശക്തമായ പിന്തുണ നൽകുന്നുമുണ്ട്. ഇത് പ്രകാരമാണ് പേജർ ആക്രമണത്തിന് പിന്നാലെ ഖമേനി നസ്റല്ലയ്ക്ക് സന്ദേശം കൈമാറുന്നതും. എന്നാൽ തന്റെ സുരക്ഷയിൽ ആത്മവിശ്വാസമുണ്ടെന്നാണ് നസ്റല്ല അവകാശപ്പെട്ടത്. എന്നാൽ ഹിസ്ബുള്ളയിലും ചാരന്മാർ നുഴഞ്ഞുകയറിയിരിക്കാമെന്ന സംശയം ഇറാൻ മുന്നോട്ട് വച്ചിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. ഇത് പ്രകാരം രണ്ട് തവണയാണ് ഖമേനി നസ്റല്ലയ്്ക്ക് സന്ദേശം നൽകിയത്. എന്നാൽ ലെബനനിൽ തന്നെ തുടരുമെന്ന് നസ്റല്ല ഉറപ്പിക്കുകയായിരുന്നു.
പേജർ ആക്രമണമുണ്ടായതിന് ശേഷം തങ്ങൾക്കിടയിൽ ഇസ്രായേലി ചാരന്മാർ കടന്നുകൂടിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായി നൂറുകണക്കിന് അംഗങ്ങളെ ഹിസ്ബുള്ള നേതാക്കൾ ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. ഹിസ്ബുള്ളയിലെ മുതിർന്ന നേതാവായ ഷെയ്ഖ് നബീലാണ് ഇതിന് നേതൃത്വം കൊടുത്തത്. നസ്റല്ലയുടെ കൊലപാതകത്തിന് ശേഷം വീണ്ടും ഇതേ സംശയം ഉയർന്നുവെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം നേതൃത്വം മുന്നോട്ടുവച്ചതായും ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.