ബെംഗളൂരു: മുഡ (മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പുതിയ പരാതി. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം. മുഖ്യമന്ത്രിയുടെ മകൾ യതീന്ദ്ര സിദ്ധരാമയ്യക്കും കേസിൽ പങ്കുണ്ടെന്ന് പരാതിയിൽ പരാമർശിക്കുന്നു.
ലോകായുക്ത സമർപ്പിച്ച എഫ്ഐആറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബിഎം പാർവതി, സിദ്ധരാമയ്യയുടെ മരുമകൾ മല്ലികാർജുന സ്വാമി, ഭൂമി ഉടമ ദേവരാജു എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് സിദ്ധരാമയ്യക്കെതിരെ പുതിയ പരാതി വന്നിരിക്കുന്നത്.
വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സന്നദ്ധപ്രവർത്തകയുടെ പരാതിയിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടെ നിർദേശ പ്രകാരമാണ് ലോകയുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലോകായുക്തയുടെ അന്വേഷണത്തിന് പിന്നാലെ ഇഡിയും മുഖ്യമന്ത്രിയും ഭാര്യയുമുൾപ്പെടെ നാല് പേർക്കതിരെ കേസെടുത്തിരുന്നു.
പാർവതിക്ക് മൈസൂരു നഗര വികസന അതോറിറ്റി 14 പ്ലോട്ടുകൾ അനുവദിച്ചതിൽ 55.8 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം. കേസ് വിവാദമായതോടെ ഭൂമി തിരികെ സർക്കാരിന് നൽകാനുള്ള നീക്കത്തിലാണ് സിദ്ധരാമയ്യയും കുടുംബവും.