ന്യൂഡൽഹി: റഷ്യയുടെ മൂന്ന് യൂണിറ്റ് S-400 മിസൈൽ സിസ്റ്റം ഇനി ഭാരതത്തിന് സ്വന്തം. ഇന്ത്യയുടെ പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ മൂന്ന് മിസൈൽ യൂണിറ്റുകൾ നൽകിയെന്നും അടുത്ത വർഷത്തോടെ മറ്റ് രണ്ട് യൂണിറ്റുകൾ കൂടി നൽകുമെന്ന് എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് വ്യക്തമാക്കി. സുരക്ഷാ ഭീഷണികളെ നേരിടുന്നതിൽ തദ്ദേശീയ യുദ്ധോപകരണങ്ങൾ വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
400 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കാനും 36 ടാർഗറ്റുകളെ നേരിടാനും S-400 മിസൈൽ സിസ്റ്റത്തിന് സാധിക്കും. 40 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ഹ്രസ്വദൂര മിസൈൽ, 120 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ഇടത്തരം മിസൈൽ, 250 കിലോമീറ്റർ ദൂരപരിധിയുള്ള ദീർഘദൂര മിസൈൽ, 400 കിലോമീറ്റർ ദൂരപരിധിയുള്ള വളരെ ദീർഘദൂര മിസൈൽ എന്നിങ്ങനെ നാല് തരം മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ നിർണായകമാകും എസ്-400 മിസൈൽ സിസ്റ്റം. ദീർഘദൂരത്ത് നിന്ന് എത്തുന്ന ശത്രുവിനെ പ്രതിരോധിക്കുന്ന സംവിധാനമായ കുശ പോലുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചീഫ് എയർ മാർഷൽ പറഞ്ഞു.
2047-ഓടെ ഇന്ത്യൻ വ്യോമസേന സമ്പൂർണമായി സ്വയം പര്യാപ്തമാകുമെന്നും അതാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘർഷ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വിദേശ ആയുധങ്ങളെ ആശ്രയിച്ചാൽ പ്രതിസന്ധി സൃഷ്ടിക്കും. വ്യത്യസ്ത താത്പര്യങ്ങളും ഉദ്ദേശ്യങ്ങളുമായും പല ഉപകരണങ്ങളും പല രാജ്യങ്ങളും നിർമിച്ചിട്ടുണ്ടാവുക. അവ ഇവിടെ ഉപയോഗിക്കുമ്പോൾ പ്രതിസന്ധി അനുഭവപ്പെട്ടേക്കാം. പ്രതിരോധത്തെ തകർക്കാൻ പോലും ഇത് കാരണമാകും. അതിനാൽ തന്നെ തദ്ദേശീയമായി ഉപകരണങ്ങൾ നിർമിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ട് ഭാരതം വൻ മുന്നേറ്റങ്ങളാണ് നടത്തുന്നത്. സേനയിൽ ഭൂരിഭാഗം ഉപകരണങ്ങളും ഇന്ത്യൻ നിർമിതമാണെന്നും വൈകാതെ തന്നെ സമ്പൂർണമായി സ്വയം പര്യാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.