വാനനിരീക്ഷണത്തിന് പുത്തൻ വഴികളുമായി ഭാരതം. നക്ഷത്രങ്ങളുടെ ജനന മരണത്തെ കുറിച്ച് അറിയാനും മറ്റ് പ്രപഞ്ച പ്രതിഭാസങ്ങളെ കുറിച്ച് പഠിക്കുന്നതിനുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗാമാ റേ ടെലിസ്കോപ്പ് സ്ഥാപിച്ച് ഇന്ത്യ. സമുദ്രനിരപ്പിൽ നിന്ന് 4,270 മീറ്റർ ഉയരത്തിൽ ലഡാക്കിലെ മലനിരകളിലാണ് Major Atmospheric Cerenkov Experiment Telescope-MACE ദൂരദർശിനി സ്ഥാപിച്ചത്.
മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ (BARC) വികസിപ്പിച്ച്, ഡിപ്പാർട്ട്മെൻ്റ് ഓഫ് അറ്റോമിക് എനർജി (DAE) ആണ് ഇത് സ്ഥാപിച്ചത്. ലഡാക്കിലെ ഹാൻലെയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളാണ് ദൂരദർശിനിയിലുള്ളത്. വായു മലിനീകരണമില്ലാത്ത പ്രദേശമാണ് ഹാൻലെ. ഈർപ്പ കുറവും ഇരുണ്ട ആകാശവും ശാസ്ത്രജ്ഞരെ ഇവിടേക്ക് ആകർഷിക്കുന്നു. ജ്യോതിശാസ്ത്രജ്ഞരുടെ സ്വർഗമാണ് ഇവിടമെന്ന് ആണവോർജ്ജ കമ്മീഷൻ ചെയർമാനും ഇന്ത്യയുടെ ആണവ മേധാവിയുമായ ഡോ. എ.കെ മൊഹന്തി പറഞ്ഞു.
മറ്റ് ചില ഗാമാ റേ ടെലിസ്കോപ്പുകൾ കൂടി ഇവിടെ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ ജ്യോതിശാസ്ത്രജ്ഞർക്ക് അനുയോജ്യമാക്കിയ സ്ഥലമാക്കി ഹാൻലെയെ മാറ്റുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സൂപ്പർനോവ അവശിഷ്ടങ്ങൾ, മൈക്രോ ക്വാസാറുകൾ എന്നിവയിൽ നിന്നുള്ള ഗാമാ കിരണങ്ങളെ കണ്ടെത്താൻ സാധിക്കുന്ന ഉയർന്ന സംവേദനക്ഷമതയാണ് MACE-നുള്ളത്. വിദൂര ക്ഷീരപഥങ്ങളെ കണ്ടെത്താനും പഠിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഡാർക്ക് മാറ്ററിനെ കുറിച്ച് പഠിക്കാനും അതിന്റെ നിഗൂഢതകൾ അനാവരണം ചെയ്യാനും ഇത് ഉപയോഗിക്കും.
BARC യുടെ ആസ്ട്രോഫിസിക്കൽ സയൻസസ് ഡിവിഷൻ്റേതാണ് ആശയവും രൂപകൽപനയും. ഏകദേശം 175 ടൺ മാത്രമാണ് ഇതിന്റെ ഭാരം. 21 മീറ്റർ വ്യാസവും 175 ടൺ ഭാരവുമുണ്ട്. 356 ചതുരശ്ര മീറ്റർ റിഫ്ലക്ടർ ഏരിയയും 1,424 മെറ്റാലിക് മിറർ മുഖങ്ങളും, 712 ആക്യുവേറ്ററുകളും, 1,088 ഫോട്ടോ-മൾട്ടിപ്ലയർ ട്യൂബുകളും 68 ക്യാമറ മൊഡ്യൂളുകളും ഇതിനുണ്ട്. ലഡാക്ക് മേഖലയിലെ ഗതാഗത പരിമിതികൾ കാരണം ഉപഘടകങ്ങളുടെ വലിപ്പം 2.5 മീറ്ററിൽ താഴെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം കരുത്തോടെയും താപനിലയെ ചെറുത്ത് പ്രവർത്തിക്കാനും ഇതിന് സാധിക്കും.
ഔപചാരികമായ ഉദ്ഘാടനത്തിന് മുൻപ് തന്നെ ദൂരദർശിനി 200 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഗാമാ കിരണങ്ങൾ കണ്ടെത്തിയിരുന്നു 2022-ൽ ഒരു തണുപ്പേറെയുള്ള ഡിസംബറിലെ ഒരു രാത്രിയിലായിരുന്നു ഇത്. ഈ മികച്ച പ്രകടനം ഇന്ത്യക്ക് അഭിമാനമാണെന്നത് തീർച്ച. ഇന്നും അറിയപ്പെടാതെ കിടക്കുന്ന പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള ജാലകമാകും ഈ ദൂരദർശിനി തുറക്കുകയെന്നത് ഉറപ്പാണ്.