കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ ആരോപണക്കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ നാല് വർഷം നിരന്തരമായി കേസ് വേട്ടായാടിയെന്നും ഒടുവിൽ സത്യം പുറത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നിന്ന് തന്നെ എന്നന്നേക്കുമായി അയോഗ്യനാക്കാനായും ബിജെപിയെ താറടിച്ച് കാണിക്കാനുമായാണ് ഇങ്ങനെയൊരു കള്ളക്കേസ് കെട്ടിചമച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസാണിത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കളും ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ട്. ചില മാദ്ധ്യമ പ്രവർത്തകരും നിർഭാഗ്യവശാൽ ഈ ഗൂഢാലോചനയിൽ പങ്കെടുത്തു. അതിൽ ഖേദമുണ്ട്. സത്യം മാത്രമേ ജയിക്കൂ. കോടതിക്ക് അത് ബോധ്യപ്പെട്ടുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
എൽഡിഫിന് വേണ്ടി മത്സരിച്ച വി.വി രമേഷ് കൊടുത്ത കേസാണിത്, അല്ലാതെ സുന്ദര കൊടുത്ത കേസല്ല. പിന്നീട് സുന്ദരയെ കേസിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. നിയമപരമായി നിലനിൽക്കാത്ത, യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത കേസായിരുന്നു സുന്ദര കേസ്. ഒരു പൊതുപ്രവർത്തകനെതിരെയും ചേർക്കാത്ത പട്ടികജാതി പട്ടികവർഗ അതിക്രമ നിയമം വരെ ഞങ്ങളുടെ പേരിൽ ചേർത്തു. അതും കോടതിക്ക് ബോധ്യമായി.
കെ. സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരും കുറ്റവിമുക്തരാണെന്ന് കോടതി വ്യക്തമാക്കി. എല്ലാവരുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണമായി അംഗീകരിച്ചുവെന്ന് അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുൻ ജില്ലാ അദ്ധ്യക്ഷൻ കെ. ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവർ അഞ്ചും ആറും പ്രതികളായിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രകണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാർട്ട്ഫോണും ലഭിച്ചെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.