ഷോയിബ് മാലിക്കിന് പിന്നാലെ മറ്റൊരു പാക് ക്രിക്കറ്റ് താരം കൂടി ഇന്ത്യക്കാരിയെ വധുവാക്കാൻ ഒരുങ്ങുന്നു. പാക് ബൗളിംഗ് നിരയിലെ ഇടംകൈയ്യൻ സ്പിന്നർ റസ ഹസനാണ് ഇന്ത്യൻ യുവതിയെ വിവാഹം ചെയ്യുന്നത്. വിവാഹനിശ്ചയം നടത്തിയതിന്റെ ചിത്രങ്ങൾ റസ ഹസൻ തന്നെയാണ് പങ്കുവച്ചത്. വധു ഹിന്ദുവാണെന്നും, അവൾ തനിക്കുവേണ്ടി മതം മാറാൻ തയ്യാറാണെന്നും വിവാഹത്തിന് മുമ്പ് ഇസ്‌ലാം മതം സ്വീകരിക്കുമെന്നും റസ ഹസൻ പാക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൂജ ബൊമ്മൻ എന്നാണ് റാസ ഹസന്റെ പ്രതിശ്രുത വധുവിന്റെ പേര്. 32കാരിയായ യുവതി യുഎസിൽ സ്ഥിരതാമസക്കാരിയാണ്. റിപ്പോർട്ട് പ്രകാരം അടുത്ത വർഷം ആദ്യമാണ് വിവാഹം. 32കാരനായ റസ പാകിസ്താൻ വിട്ട് ഇപ്പോൾ യുഎസിലാണ് കഴിയുന്നത്.
“എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വിവരം പങ്കിടുന്നതിൽ സന്തോഷമുണ്ട്! എന്റെ ജീവിതത്തിൽ, എനിക്ക് നൽകിയ സ്‌നേഹം എന്നന്നേക്കും എന്റേതായിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു, അവൾ അതെ എന്ന് പറഞ്ഞു! വരാനിരിക്കുന്ന എല്ലാ സാഹസികതകളും ഒരുമിച്ച് നേരിടാനുള്ള ആവേശത്തിലാണ്, വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് റസ കുറിച്ചു. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















