കോഫിയും ശീതള പാനീയവും ജ്യൂസുമൊക്കെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. ഇവയിൽ ഏതെങ്കിലുമൊന്ന് നിത്യവും കുടിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗം പേരും. ഇതത്ര നല്ല ശീലമല്ലെന്നാണ് പുതിയ പഠന പറയുന്നത്. ഇവ മൂന്നും അധികമായാൽ പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്.
ഒരു കുപ്പി ജ്യൂസ്, നാലിലധികം കപ്പ് കാപ്പി എന്നിവ പക്ഷാഘാതത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. കട്ടൻ ചായയും ഗ്രീൻ ടീയും കുടിക്കുന്നത് ഇതിന്റെ ആഘാതം കുറയ്‌ക്കുമെന്നും പറയുന്നുണ്ട്. ഏഴ് കപ്പ് വെള്ളം കുടിക്കുന്നതും സ്ട്രോക്കിന്റെ സാധ്യത കുറയ്‌ക്കും. ഇൻ്റർസ്ട്രോക്ക് റിസർച്ച് പ്രോജക്റ്റിന്റെ രണ്ട് വിശകലനങ്ങളിൽ നിന്നാണ് ഈ കണ്ടെത്തലുകൾ.
എന്തുകൊണ്ട് പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുന്നു?
കാർബണേറ്റഡ് പാനീയം ദിവസവും കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. പഞ്ചസാരയുടെയും കൃത്രിമ മധുരത്തിന്റെയും അളവ് വളരെ കൂടുതലാണ് ഇത്തരം പാനീയങ്ങളിൽ. സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 22 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഒരു കുപ്പി ജ്യൂസിനാകും. സ്ഥിരമായി ജ്യൂസും കോഫിയും കുടിക്കുന്നവരിൽ പക്ഷാഘാതത്തിന് 378 ശതമാനം സാധ്യതയാണുള്ളത്. പുരപഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പക്ഷാഘാത സാധ്യതയേറെയും.
ധാരാളം പഞ്ചസാരയും പ്രിസർവേറ്റീവുകളും ചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണ് പ്രശ്നക്കാരനെന്ന് പഠനത്തിൽ പ്രത്യേകം എടുത്തു പറയുന്നു. കാപ്പിയും ജ്യൂസുമൊക്കെ മിതമായ അളവിൽ കുടിക്കുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകില്ല. ചായ കുടിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത 18-20% കുറയ്‌ക്കുന്നു. പ്രതിദിനം നാല് കപ്പ് വരെ കട്ടൻ ചായ കുടിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത 29 ശതമാനം വരെ കുറയ്‌ക്കുന്നു. പ്രതിദിനം നാല് കപ്പ് വരെ ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത 27% കുറയ്‌ക്കുന്നു.