ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്നിരയെ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 105 റൺസിൽ ഒതുക്കി. പന്തെടുത്തവരെല്ലാം വിക്കറ്റെടുത്ത മത്സരത്തിൽ പാകിസ്താൻ ബാറ്റർമാർ വെള്ളം കുടിച്ചു. നിദe ധർ (34 പന്തിൽ 28) ആണ് ടോപ് സ്കോറർ. അഞ്ചുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. 17 റൺസെടുത്ത ഓപ്പണർ മുനീബ അലിയാണ് മറ്റൊരു ടോപ്സ്കോറർ.
ആദ്യ ഓവറിൽ തന്നെ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. ആദ്യ ഓവറിൽ ഗുൽ ഫിറോസയുടെ കുറ്റി തെറിപ്പിച്ച് രേണുക സിംഗ് ആണ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. സിദ്ര അമിനെ (8) മടക്കി ദീപ്തി ശർമ പാകിസ്താനെ പരുങ്ങലിലാക്കി. ഒമൈമ സൊഹൈലിലെ(3) വീഴ്‌ത്തി അരുന്ധതി റെഡ്ഡി പാകിസ്താന് റെഡ് സിഗ്നൽ നൽകി. പിന്നീട് ഒരു തിരിച്ചുവരവിന് സാധിക്കാത്ത വിധം ഇന്ത്യൻ ബൗളർമാർ പാകിസ്താനെ വരിഞ്ഞു മുറുക്കുന്നതാണ് കണ്ടത്.
ക്യാപ്റ്റന്റെ പോരാട്ടമാണ് പാകിസ്താനെ 100 കടത്തിയത്. 14 റൺസെടുത്ത സയിദ അരൂബ് ഷാ പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റെടുത്ത അരുന്ധതി റെഡ്ഡിയാണ് തിളങ്ങിയത്.ദീപ്തി ശർമ, രേണുക സിംഗ്, മലയാളി താരം ആശ ശോഭന എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ ശ്രേയങ്കാ പാട്ടീൽ രണ്ടുവിക്കറ്റ് പിഴുതു.