ഇസ്ലാമബാദ്: പ്രണയബന്ധം എതിർത്തതിനെ തുടർന്ന് കുടുംബത്തിലെ പതിമൂന്ന് പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയും കൂട്ടുപ്രതിയായ കാമുകനും അറസ്റ്റിൽ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂരിലാണ് സംഭവം. താൻ പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവദിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഷെയ്സ്ത ബ്രോഹി, കാമുകൻ അമീർ ബക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂട്ടുകുടുംബത്തിലെ 13 പേരുടെ മരണം അജ്ഞാത രോഗമോ ഭക്ഷ്യ വിഷബാധയോ കരണമാകാമെന്നാണ് ആളുകൾ തുടക്കത്തിൽ സംശയിച്ചിരുന്നത്. എന്നാൽ മറ്റെല്ലാവരും മരിച്ചിട്ടും യുവതി മാത്രം യാതൊരു കുഴപ്പവും കൂടാതെ രക്ഷപ്പെട്ടതാണ് സംശയത്തിന് വഴിവച്ചത്. തുടർന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ കാമുകന്റെ നിർദേശപ്രകാരമായിരുന്നു കൊലപാതകമെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. അമീർ ബക്ഷി നൽകിയ വിഷം യുവതി കുടുംബാംഗങ്ങൾക്ക് ഭക്ഷണത്തിൽ കലർത്തി നൽകുകയായിരുന്നു.
ഭക്ഷണം കഴിച്ച് അവശരായ ഇവരെ യുവതി തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു, എന്നാൽ 9 പേർ സംഭവ ദിവസം തന്നെ മരിച്ചു. ശേഷിച്ച നാലുപേർ ചികിത്സയിലിരിക്കെയും മരണമടഞ്ഞു. പോസ്റ്റ് മോർട്ടത്തിൽ വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് കണ്ടെത്തിയതോടെ പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് യുവതി കുറ്റസമ്മതം നടത്തിയത്. പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകങ്ങളിൽ പങ്കാളിയായ കാമുകനെയും പൊലീസ് പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി.















