ന്യൂഡൽഹി: അടുത്തിടെ ഏറ്റവുമധികം വ്യാജ ആരോപണങ്ങൾ നേരിട്ട ഒന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ഫോർട്ടിഫൈഡ് അരി. റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന അരിയിൽ വെള്ളനിറത്തിൽ, അരി പോലെ ഇരിക്കുന്ന വസ്തു ചേർക്കുന്നുണ്ടെന്നും പ്ലാസ്റ്റിക്കായ ഈ വസ്തു കഴിക്കരുതെന്നും പ്രചരണങ്ങൾ ശക്തമായിരുന്നു. എന്നാൽ വൈകാതെ തന്നെ കുപ്രചരണങ്ങൾ പൊളിഞ്ഞു. ‘പ്ലാസ്റ്റിക്’ അരിയാണ് കേന്ദ്രസർക്കാർ വിതരണം ചെയ്യുന്നതെന്ന ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
പൊതുവിതരണ കേന്ദ്രം വഴി ജനങ്ങളിലേക്ക് എത്തിക്കുന്ന ഫോർട്ടിഫൈഡ് അരി സമ്പുഷ്ടീകരിച്ചവയാണ്. ഒറ്റ നോട്ടത്തിൽ അരിയെന്ന് തോന്നിപ്പിക്കുമെങ്കിലും അവ അരിയല്ല. അരിയുടെ രൂപത്തിൽ തയ്യാറാക്കിയ ഭക്ഷ്യവസ്തുവാണ്. അയേൺ, ഫോണിക് ആസിഡ്, വിറ്റമിൻ ബി12 എന്നീ പോഷകങ്ങൾ അടങ്ങിയ പദാർത്ഥമാണത്. രാജ്യത്തെ പൗരന്മാരിൽ നിന്ന് അനീമിയ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് റേഷനരിയിൽ ഇവ ഉൾപ്പെടുത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്. പോഷകാഹാരക്കുറവിനെ നേരിടാൻ ഇത് സഹായിക്കും. എന്നാലിപ്പോഴും ചിലർ തെറ്റായ വാദങ്ങളുന്നയിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ‘പ്ലാസ്റ്റിക് അരി’ വീഡിയോ പ്രചരിക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പാവപ്പെട്ടവർക്ക് സൗജന്യമായാണ് ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുന്നത്. ഇതിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഭക്ഷ്യനിയമ പ്രകാരം സൗജന്യ ഫോർട്ടിഫൈഡ് അരിവിതരണ പദ്ധതി 2028 വരേയ്‌ക്ക് നീട്ടാൻ തീരുമാനിച്ചു. 17,082 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണിത്. പൗരന്മാരിൽ കണ്ടുവരുന്ന അനീമിയയും പോഷകാഹാരക്കുറവും നികത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി കാലാവധി നീട്ടിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.