ഇന്ന് ദേശീയ തപാൽ ദിനം. ഒരു കാലത്ത് ആശയവിനിമയത്തിനായുള്ള സുപ്രധാന മാദ്ധ്യമമായിരുന്ന തപാലിനായി നീക്കി വയ്‌ക്കുന്ന ദിനമാണിന്ന്. ഡിജിറ്റൽ യുഗത്തിലാണെങ്കിലും പോസ്റ്റോഫീസുകൾ ഇന്നും ജനങ്ങൾക്ക് ഉപകാരപ്രദമാണ്.
മറാഠി ഭാഷയിലെ ‘ഠപ്പാൽ’ എന്ന പദത്തിൽനിന്നാണ് തപാൽ എന്ന പേരുവന്നത്. ‘സൂക്ഷിക്കുക’ എന്നർഥം വരുന്ന പൊസിറ്റസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ‘പോസ്റ്റ്’ എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്. പാരിസിലാണ് ആദ്യമായി പോസ്റ്റ് ബോക്സ് നിലവിൽ വന്നത്.
ഫ്രാൻഷ്വാ ഡി മെലായൻ എന്ന ഫ്രഞ്ചുകാരനാണ് ആദ്യമായി എഴുത്തുപെട്ടി രൂപകൽപന ചെയ്തത്. നിറം പച്ചയായിരുന്നു. 1874-ൽ അത് ചുവപ്പാക്കി. ബ്രിട്ടനിലും പോസ്റ്റ് ബോക്സിന്റെ നിറം ചുവപ്പായിരുന്നു. ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലും അവർ ആ നിറം തന്നെ ഉപയോഗിച്ചു. അങ്ങനെ നമ്മുടെ നാട്ടിലെ പോസ്റ്റ് ബോക്സും ചുവപ്പായി.
എന്നാൽ തൊട്ടടുത്ത നഗരങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനുള്ള കത്തുകൾ ഇടുന്ന പെട്ടികൾക്ക് നീല നിറമായിരുന്നു ആദ്യകാലങ്ങളിൽ. മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇവ ആദ്യം സ്ഥാപിച്ചത്. ഐക്യകേരളം രൂപപ്പെടുന്നതിനുമുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലുമുണ്ടായിരുന്ന തപാൽപെട്ടികൾക്ക് പച്ച നിറമായിരുന്നു. അഞ്ചൽപെട്ടികൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
ഇന്ത്യയിലെ പുരാതന പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ പോസ്റ്റ്. ലോകത്ത് തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ലോർഡ് റോബർട്ട് ക്ലൈവിന്റെ കാലത്താണ് ഇന്ന് കാണുന്ന പോസ്റ്റൽ സമ്പ്രദായം നിലവിൽ വന്നത്. എങ്കിലും വളരെ പുരാതന കാലത്ത് തന്നെ സന്ദേശവാഹകർ മുഖേന കത്തുകൾ കൈമാറിയിരുന്ന ഒരു പൊതുസംവിധാനം നിലവിലുണ്ടായിരുന്നു. അക്ബർ ചക്രവർത്തിയുടെ മുഗൾ ഭരണകാലത്ത് തപാൽ സർവീസുകൾ നിലനിന്നിരുന്നുവെന്ന് ചരിത്രത്തിൽ പരാമർശിക്കുന്നു.
മെയിൽ ശേഖരിക്കൽ, പ്രോസസ്സിംഗ്, കൈമാറ്റം, വിതരണം എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങളാണ് തപാൽ ഓഫീസ് മുഖേന നടക്കുന്നത്. രാജ്യത്തുടനീളമുള്ള 1,54,979 പോസ്റ്റ് ഓഫീസുകൾ 5,79,595 ലെറ്റർ ബോക്സുകളിൽ നിന്ന് മെയിലുകൾ ശേഖരിക്കുന്നു. ഇത് റോഡ്, റെയിൽ, വിമാനം വഴി 389 പ്രധാന ഓഫീസുകളിലും 89 ദേശീയ സ്പീഡ് പോസ്റ്റ് ഹബുകളിലുമെത്തുന്നു.















