ന്യൂഡൽഹി: അരവിന്ദ് കെജ് രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും ഭരണത്തിൽ രാജ്യതലസ്ഥാനം ലഹരി കടത്ത് കേന്ദ്രമായോ?. കഴിഞ്ഞ ദിവസം ഡൽഹി കണ്ട ഏറ്റവും വലിയ ലഹരിവേട്ട നടന്നിരുന്നു. ഇതിന് പിന്നാലെ വീണ്ടും 2000 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി. 200 കിലോയോളമാണ് പിടിച്ചെടുത്തതെന്ന് ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെൽ വ്യക്തമാക്കി. ഡൽഹിയിലെ രമേശ് നഗർ പ്രദേശത്ത് നിന്നാണ് ലഹരി പിടികൂടിയത്.
മിക്ചറുകളും മറ്റ് സ്‌നാക്‌സുകളും വിതരണം ചെയ്യുന്നതുപോലുളള ചെറു പായ്‌ക്കറ്റുകളിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. രമേശ് നഗറിലെ അടച്ചിട്ട ഒരു കടയിൽ ചെറു പായ്‌ക്കറ്റുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. കാർഡ് ബോർഡ് പെട്ടികളിലാക്കിയാണ് ഇവ വച്ചിരുന്നത്.
പായ്‌ക്കറ്റുകൾ കൊണ്ടുവന്നു എന്ന് കരുതുന്ന അഖ്‌ലാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുപിയിലെ ഹാപൂര് സ്വദേശിയാണ് ഇയാൾ. ലഹരി സൂക്ഷിച്ചിരുന്നത് യുകെ പൗരന് വേണ്ടിയാണെന്ന വിവരമാണ് ഇയാൾ ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ യുകെ പൗരൻ കൊക്കെയ്ൻ പിടിച്ചതിന് ശേഷം ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഒക്ടോബർ രണ്ടിന് ഡൽഹിയിൽ നിന്നും 560 കിലോയിലധികം വരുന്ന കൊക്കെയ്ൻ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് 200 കിലോ ലഹരി കൂടി പിടിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ലഹരിവേട്ടയിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.