ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ല. മുഖ്യ സെലക്ടർ അജിത് അഗാർക്കറിനോടും ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥനോടും താരം ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പെർത്തിൽ ഈ മാസം 22നാണ് മത്സരം ആരംഭിക്കുന്നത്.
37-കാരൻ വ്യക്തിപരമായ ആവശ്യത്തെ തുടർന്നാണ് താരം വിട്ടുനിൽക്കുന്നതെന്നാണ് സൂചന. അതേസമയം അന്തിമ തീരുമാനം ഔദ്യോഗികമായി ബിസിസിഐയെ നായകൻ ധരിപ്പിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ രോഹിത് അവധിയാഘോഷത്തിലാണ്.
പെർത്ത് ടെസ്റ്റിന് പിന്നാലെ അഡ്ലെയ്ഡിൽ ഡിസംബർ ആറിന് ഒരു ഡേ നൈറ്റ് ടെസ്റ്റും ബോർഡർ-ഗവാസ്കർ ട്രോഫിയിൽ നടക്കും. 14ന് ഗാബയിലാണ് മൂന്നാം ടെസ്റ്റ്. ഡിസംബർ 26 മുതൽ ബോക്സിംഗ് ഡേ ടെസ്റ്റ് മെൽബണിലാകും നടക്കുക. എസ്.സി.ജിയിൽ ജനുവരി 3 മുതലാണ് അവസാനത്തേയും അഞ്ചാമത്തെയും ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്പ്യഷൻഷിപ്പിൽ മൂന്നാം ഫൈനലിനാണ് ഇന്ത്യ ഒരുങ്ങുന്നത്. 98 പോയിൻ്റുമായി നിലവിൽ തലപ്പത്താണ് ഇന്ത്യ.















