കയ്പ്പായത് കൊണ്ട് തന്നെ പാവയ്‌ക്ക മിക്കവർക്കും അത്ര കാര്യമല്ല. എന്നാൽ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് പാവയ്‌ക്കയ്‌ക്കുള്ളത്. ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി വരെയുള്ള പ്രധാനപ്പെട്ട പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും പാവയ്ക്ക നല്ലതാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ കഴിയുന്ന ഭക്ഷണമാണ് പാവയ്‌ക്ക എങ്കിലും പലരും ഇതിന്റെ കയ്പ്പ് കാരണം അവഗണിക്കുകയാണ്. എന്നാൽ ഗുണങ്ങൾ നഷ്ടമാകാതെ പാവയ്‌ക്കയുടെ കയ്പ്പ് കുറച്ചുകൊണ്ട് ശീലമാക്കാവുന്നതാണ്. അതിനായി ചില ടിപ്സ് ഇതാ..
- പാവയ്‌ക്കയുടെ പുറമേയുള്ള പരുക്കൻ ഭാഗം കയ്പ്പ് സംഭവാന ചെയ്യുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പീലർ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് കയ്പ്പകറ്റാൻ സഹായിക്കും.
- പാവയ്‌ക്ക കഷ്ണങ്ങളാക്കിയ ശേഷം ഉപ്പ്, രണ്ട് ടേബിൽ സ്പൂൺ വിനാഗിരി എന്നിവ ഒഴിച്ച് ഇളക്കി വയ്‌ക്കുക. അര മണിക്കൂർ കഴിഞ്ഞ് അതിൽ വരുന്ന നീര് കളയുക. മൂന്നോ നാലോ തവണ കഴുകുക. പാവയ്‌ക്കയിലെ വിഷാംശം പോകാനും ഇത് നല്ലതാണ്.
- അരിഞ്ഞ ശേഷം ഉപ്പ് പുരട്ടി അര മണിക്കൂർ വരെ വയ്‌ക്കണം. തുടർന്ന് കഴുകിയോ അല്ലാതെയോ കറി വയ്‌ക്കാവുന്നതാണ്.
- പാവയ്‌ക്ക പിഴിഞ്ഞ് നീര് കളയുന്നതും കയ്പ്പ് കുറയ്‌ക്കും.
- പാവയ്‌ക്ക് കഴുകിയ ശേഷം രണ്ടാക്കി മുറിച്ച് കുരുക്കളെല്ലാം നീക്കം ചെയ്യുക. വെള്ള നിറത്തിലുള്ള പാടയും സ്പൂൺ വച്ച് കളയുക. ഇതും കയ്പ്പ് കുറയ്‌ക്കാൻ സഹായിക്കും.
- ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ തിരുമ്മി വച്ച് പത്ത് മിനിറ്റിന് ശേഷം രണ്ടോ മൂന്നോ തവണ കഴുകി ഉപയോഗിക്കാം.
- കഷ്ണങ്ങളാക്കിയ പാവയ്‌ക്ക് ഒരു മണിക്കൂർ തൈരിൽ മുക്കി വച്ച് ശേഷം പാകം ചെയ്താലും പാവയ്‌ക്കയുടെ കയ്പ്പ് കുറയ്‌ക്കാം.
- പുളി പിഴിഞ്ഞ വെള്ളത്തിൽ ഇട്ടുവയ്‌ക്കുന്നതും പാവയ്‌ക്കയുടെ കയ്പ്പകറ്റും.















