ലക്നൗ ; പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാൻ 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ ക്ഷണിച്ച് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് . 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്. ദശലക്ഷക്കണക്കിന് ഭക്തർ എത്തുന്ന മേള അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സനാതന സമ്മേളനമാണെന്നാണ് വിലയിരുത്തപ്പെടുന്നത് . വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും ഹൈക്കമ്മീഷണർമാരും മഹാകുംഭമേളയ്‌ക്ക് സാക്ഷിയാകും.
നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, തായ്‌ലൻഡ്, മൗറീഷ്യസ്, കംബോഡിയ, ദക്ഷിണ കൊറിയ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഫിജി, ലാവോസ്, മലേഷ്യ, വിയറ്റ്നാം, യുണൈറ്റഡ് സ്റ്റേറ്റ്സ് , യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, റഷ്യ, ഫ്രാൻസ്, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയാണ് മേളയിലേയ്‌ക്ക് ക്ഷണിച്ചിട്ടുള്ളത് .
മഹാകുംഭമേളയിലേക്ക് ആഗോള ശ്രദ്ധ ആകർഷിച്ചുകൊണ്ട് മതപരവും ആത്മീയവുമായ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം , ഇന്ത്യയും ലോകരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ ക്ഷണം ഉതകുമെന്നാണ് സൂചന . ഉത്തർപ്രദേശ് സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന്റെ, പ്രത്യേകിച്ച് മതപരമായ ടൂറിസത്തിന്റെ കേന്ദ്രമായി സ്ഥാപിക്കാൻ തീവ്രമായ ശ്രമങ്ങൾ നടത്തിവരികയാണ്. ഈ പദ്ധതികൾ പ്രാവർത്തികമാക്കാൻ മഹാകുംഭ മേള അവസരം ഒരുക്കും.
മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തർ, അന്താരാഷ്‌ട്ര പ്രമുഖർ, വിനോദസഞ്ചാരികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട് . ക്രമസമാധാനപാലനത്തിനായി 60,000 പോലീസുകാരെ വിന്യസിക്കും. സുരക്ഷാ സേനകളിൽ വിവിധ റാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും.
സിസിടിവി നിരീക്ഷണം, ഡ്രോൺ നിരീക്ഷണം എന്നിവയുമുണ്ടാകും . ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ നേരിടാൻ പ്രത്യേക ക്വിക്ക് റെസ്‌പോൺസ് ടീമുകൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിലയുറപ്പിക്കും. ഇതിനുപുറമെ, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സേനയുടെ സഹായവും അഭ്യർത്ഥിക്കും.
മേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി 1,000 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ റെയിൽവേ പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ ജില്ലകളിൽ നിന്ന് പ്രയാഗ് രാജിലേക്ക് നൂറുകണക്കിന് അധിക ബസുകൾ സർവീസ് നടത്തും. ദശലക്ഷക്കണക്കിന് തീർഥാടകർക്ക് താമസിക്കാൻ ടെൻ്റുകളുടെയും ഷെൽട്ടറുകളുടെയും രൂപത്തിൽ താൽക്കാലിക താമസസൗകര്യങ്ങൾ നിർമ്മിക്കുന്നുണ്ട്.