ഭുവനേശ്വർ: വിശ്വപ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് മഹാപ്രാസാദം സൗജന്യമായി നൽകാൻ പദ്ധതിയിടുന്നു. ഒഡിഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പ്രതിദിന ഭക്തരുടെ തിരക്ക് കണക്കിലെടുത്താൽ പ്രതിവർഷം 15 കോടി രൂപ വരെ ഇതിനായി ചെലവ് വരുമെന്നാണ് വിലയിരുത്തൽ.
ചില ഭക്തരും പുതിയ സംരംഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അവരും സൗജന്യമായി പ്രസാദം നൽകുന്ന പദ്ധതിയിലേക്ക് സംഭാവന ചെയ്യും. ഇതിനായി സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നവർക്കാകണം മുൻഗണനയെന്ന് ഹരിചന്ദ്രൻ പറഞ്ഞു. ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി സർക്കാർ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജഗന്നാഥ ക്ഷേത്രത്തിലെ നിധിശേഖരമായ രത്നഭണ്ഡാറിനുള്ളിൽ നടത്തിയ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാറിന്റെ (ജിപിആർ) സർവേയുടെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാരിന് ലഭിക്കുമെന്ന് നിയമമന്ത്രി അറിയിച്ചു. നിധിശേഖരത്തിൽ വിലപ്പിടിപ്പുള്ള വസ്തുക്കളുണ്ടെന്ന് സ്ഥിരീകരിക്കുകയാണെങ്കിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.