ന്യൂഡൽഹി: പിഎം ഇന്റേൺഷിപ്പ് പദ്ധതിക്ക് വൻ സ്വീകാര്യത. ആരംഭിച്ച ആദ്യദിനം തന്നെ 1.55 ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തത്. 1,55,109 പേരാണ് രാജ്യത്താകെ രജിസ്റ്റർ ചെയ്തത്. മാരുതി സുസുക്കി ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, മുത്തൂറ്റ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങി 193 കമ്പനികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓപ്പറേഷൻസ് മാനേജ്മെൻ്റ്, പ്രൊഡക്ഷൻ, മെയിൻ്റനൻസ്, സെയിൽസ് എന്നിവയുൾപ്പെടെ 24 സെക്ടറുകളിലും 20 ലധികം മേഖലകളിലും ഇൻ്റേൺഷിപ്പുകൾ ലഭ്യമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 737 ജില്ലകളിൽ പ്രോഗ്രാമിന് അവസരങ്ങളുണ്ട്. നൈപുണ്യ വിടവുകൾ പരിഹരിക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും പദ്ധതി ഗുണം ചെയ്യും.
Read More: റിലയൻസ്, മാരുതി സുസുക്കി തുടങ്ങി 193 പ്രമുഖ കമ്പനികൾ, 90,849 അവസരം; സ്റ്റൈപ്പൻഡിനൊപ്പം ഇൻഷുറൻസും
രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡുമായി ഒരു വർഷത്തേക്ക് ഇൻ്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. തൊഴിൽ പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികൾക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദ്യാത്ഥികളുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ തന്നെയാകും നൽകുക.
ആദ്യ ബാച്ചിന്റെ ഇൻ്റേൺഷിപ്പ് ഡിസംബർ രണ്ടിന് ആരംഭിക്കാനാണ് പദ്ധതി. 21-24 പ്രായക്കാർക്ക് അപേക്ഷിക്കാം. pminternship.mca.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആദ്യ ബാച്ചിലേക്ക് 25 വരെ രജിസ്റ്റർ ചെയ്യാം.