ന്യൂഡൽഹി: പാകിസ്താനിലെ ഭീകരരെന്ന് സംശയിക്കുന്നവരുടെ ഭീഷണി സന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ മുംബൈയിലെയും ഡൽഹിയിലെയും വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി അധികൃതർ. സമൂഹ മാദ്ധ്യമമായ എക്‌സിലാണ് എയർ ഇന്ത്യാ വിമാനത്തിൽ സ്‌ഫോടകവസ്തുക്കളും ഭീകരന്മാരുമുണ്ടെന്നും വിമാനം ഹൈജാക്ക് ചെയ്യുമെന്നും ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇതോടെ സുരക്ഷാ ഏജൻസികൾ വിമാനത്താവളത്തിലെ പരിശോധനകൾ കർശനമാക്കി.
ഇന്ന് പുലർച്ചെയാണ് സന്ദേശം ലഭിക്കുന്നത്. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിൽ 6 കിലോ RDX ഉം 6 ഭീകരന്മാരുമുണ്ടെന്നും വിമാനം ഹൈജാക്ക് ചെയ്യുമെന്നുമായിരുന്നു ഭീഷണി. ഹൈജാക്ക് ചെയ്യപ്പെട്ടാൽ 20 മിനിറ്റിനുള്ളിൽ വിമാനം പൊട്ടിച്ചിതറുമെന്നും സന്ദേശത്തിലുണ്ട്. “ഇന്ന് ഇന്ത്യ കരയും, പാകിസ്താൻ സിന്ദാബാദ്” എന്ന വാക്യത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്.
സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് ഭീഷണികളുടെ ആധികാരികതയും സ്വീകരിക്കേണ്ട മുൻകരുതലും വിലയിരുത്താനുളള ബോംബ് ത്രെട്ട് അസസ്‌മെന്റ് കമ്മിറ്റി (BTAC ) യോഗം ചേർന്ന് ദ്രുതഗതിയിലുള്ള തീരുമാനങ്ങൾ എടുത്തു. എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ച് വിട്ട് പുലർച്ചെ നാല് മണിയോടുകൂടി വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ സംശയാസ്പദമായ വസ്തുക്കളെയോ ആളുകളെയോ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ പൂർത്തിയാകുന്നതുവരെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മറ്റും. ഭീഷണി സന്ദേശത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.















