കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ അന്വേഷണം ശക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഡിഎമ്മിനെതിരായ പരാതിയിലും വിളിക്കാത്ത വേദിയിൽ പി.പി ദിവ്യ പങ്കെടുത്തതിന് പിന്നിലും വലിയ ഒരു ഗൂഢാലോചന ഉണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
“ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിന് വേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്. നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മർദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളിൽ ഒളിഞ്ഞു കിടപ്പുണ്ട്”.
“റോഡിൽ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് അനുവദിക്കാനാവില്ല. ട്രാൻസ്ഫർ ആയി പോകുന്ന പോക്കിൽ എ. ഡി. എമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ട്. ക്ഷണിക്കാതെ യാത്രയയപ്പിന് വന്നതിനും പരാതിക്കും പിന്നിൽ ഗൂഡാലോചന മണക്കുന്നു. ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നു”-സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.