പോഷകങ്ങളാൽ സമ്പുഷ്ടമാണ് പഴവർഗങ്ങൾ. മെറ്റബോളിസം വർദ്ധിപ്പിക്കുവാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാത്രമല്ല ശരീരത്തിലെ അധിക കലോറി കുറയ്‌ക്കാനും ഇവ സഹായിക്കും. പ്രത്യേകിച്ച് വയറുകുറയ്‌ക്കാൻ കഷ്ടപ്പെടുന്നവർക്ക് ഇതൊരു ഉത്തമ പ്രതിവിധിയാണ്. എന്നാൽ പഴങ്ങൾ ജ്യൂസ് അടിച്ച് കുടിച്ചിട്ട് കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ അംശം (ഫൈബർ) ജ്യൂസ് ആയി കുടിക്കുമ്പോൾ ശരീരത്തിന് ലഭിക്കില്ല. മാത്രമല്ല ചില പഴങ്ങൾ വയറിലെ കൊഴുപ്പ് സ്വാഭാവികമായി കുറയ്‌ക്കാനും സഹായിക്കും. അത്തരം പഴവർഗങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
ബെറീസ്
വിദഗ്ധരുടെ അഭിപ്രായത്തിൽ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, തുടങ്ങിയ പഴങ്ങൾ കുറഞ്ഞ കലോറിയും ഉയർന്ന ആന്റിഓക്സിഡന്റുകളും അടങ്ങിയവയുമാണ്. ഇവ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യും.
മുന്തിരി
ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയ്‌ക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്ന പഴവർഗ്ഗമാണ് മുന്തിരി.
കൈതച്ചക്ക
കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന ബ്രോമലൈൻ ദഹനത്തിനും വയറുവേദന കുറയ്‌ക്കാനും സഹായിക്കും. ഉയർന്ന ജലാംശവും നാരുകളും അടങ്ങിയ ഫലമായതിനാൽ ഇവ ശരീരഭാരം കുറയ്‌ക്കാനും ഉത്തമമാണ്.
തണ്ണിമത്തൻ
കുറഞ്ഞ കലോറിയുള്ള പഴവർഗ്ഗമാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ നിർജലീകരണം കുറയ്‌ക്കാനും ശരീരഭാരം കുറയ്‌ക്കാനും ഇവ സഹായിക്കും.
അവോക്കാഡോ
കലോറി കൂടിയ ഫലമാണിതെങ്കിലും ആരോഗ്യകരമായ കൊഴുപ്പും നാരുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു.
കിവി
വിറ്റാമിൻ സി യുടെയും നാരുകളുടെയും ഉറവിടമാണ് കിവി പഴങ്ങൾ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും ഫലപ്രദമാണ്.
ആപ്പിൾ
ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും ജലാംശവും വിശപ്പ് നിയന്ത്രിക്കാനും സ്വാഭാവികമായി ശരീരഭാരം കുറയാനും കാരണമാകും.
ഇവ കൂടാതെ പപ്പായ, ഓറഞ്ച്, പ്ലം പിയർ, നാരങ്ങ, വാഴപ്പഴം തുടങ്ങിയവയും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയ പഴങ്ങളാണ്.