തിരിക്കേറിയ റോഡുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ ലോകത്തെ ഏറ്റവും ഇടുങ്ങിയ റോഡിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചാലോ? അങ്ങനെയൊരു റോഡുമുണ്ട്, അതിലൂടെ പോകുന്ന യാത്രക്കാരുമുണ്ട്. ഇതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ കഴിയുന്ന റോഡാണ് വീഡിയോയിൽ കാണിക്കുന്നത്. റോഡിൽ വീതിയുള്ള സ്റ്റെപ്പുകളുമുണ്ട്. പൂർണമായും കാൽനടയാത്രക്കാർക്ക് വേണ്ടി മാത്രമുള്ള പാതയാണിതെന്ന് വ്യക്തം. എന്നാൽ ഈ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അവിടെയുള്ള ട്രാഫിക് സിഗ്നൽ പരിശോധിക്കണം. ഗ്രീൻ സിഗ്നൽ കാണിച്ചാൽ മാത്രമേ റോഡിലേക്ക് പ്രവേശിക്കാവൂ. റോഡിന്റെ രണ്ടറ്റങ്ങളിലും സമാനമായി സിഗ്നൽ സ്ഥാപിച്ചിട്ടുണ്ട്. റോഡിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ സിഗ്നൽ ചുവപ്പാകും. ഇതേസമയം എതിർദിശയിൽ നിന്ന് ആരും പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണിത്. കാരണം രണ്ട് ദിശയിൽ നിന്നായി ഓരോരുത്തർ വീതം വന്നാൽ പരസ്പരം മുട്ടിയുരസാതെ പോകാൻ കഴിയില്ല. അതിനാൽ ഒരേസമയം ഒരു ദിശയിൽ നിന്ന് മാത്രമേ ആളുകൾ പ്രവേശിക്കാവൂ. ഇത് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിരിക്കുന്നത്.
ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ പ്രാഗിലാണ് ഈ വിചിത്ര പാത സ്ഥിതിചെയ്യുന്നത്. ഏകദേശം 32 അടിയാണ് റോഡിന്റെ നീളം. 19 ഇഞ്ച് മാത്രമാണ് വീതി. ഈയൊരു കാരണത്താൽ യാത്രക്കാർ പരസ്പരം കൂട്ടിയിടിക്കാതിരിക്കാൻ റോഡിന്റെ രണ്ടറ്റത്തുമായാണ് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിരിക്കുന്നത്. പൂർണമായും മാനുവൽ സംവിധാനമാണിത്. റോഡിലേക്ക് പ്രവേശിക്കുന്നയാൾ തന്നെയാണ് സിഗ്നൽ സ്വിച്ച് ഓൺ ചെയ്യേണ്ടത്.
View this post on Instagram
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡെന്ന് വിശേഷിപ്പിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും ഇതിനെ ഖണ്ഡിക്കുന്ന കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. ഇന്ത്യയിലേക്ക് വന്നാൽ ഇതിലും ഇടുങ്ങിയതും വിചിത്രവുമായ പാതകൾ കാണാൻ സാധിക്കുമെന്നായിരുന്നു ചിലരുടെ കമന്റ്. ഹബീബി Come to India എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.