മുംബൈ: ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മകൻ സീഷൻ സിദ്ദിഖ്. ബാബാ സിദ്ദിഖിന്റെ മരണം രാഷ്‌ട്രീയവത്ക്കരിക്കരുതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
” എന്റെ പിതാവിന് ജീവൻ നഷ്ടപ്പെട്ടു. പാവപ്പെട്ട നിരപരാധികളായ അനേകം ആളുകളെ അദ്ദേഹം സംരക്ഷിച്ചിരുന്നു. അവർക്കായാണ് അദ്ദേഹത്തിന്റെ ജീവൻ നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ മരണം ഒരിക്കലും വെറുതെയാകരുത്. ഞങ്ങളുടെ കുടുംബത്തിനും പിതാവിനും നീതി ലഭിക്കണം. അദ്ദേഹത്തിന്റെ മരണത്തോടെ ഞങ്ങളുടെ കുടുംബം തകർന്നു. പിതാവിന്റെ മരണം ഒരിക്കലും രാഷ്‌ട്രീയവത്ക്കരിക്കരുത്. നീതി ലഭിക്കും വരെ ഞാൻ പോരാടും.”- സീഷൻ സിദ്ദിഖ് കുറിച്ചു.
ഒക്ടോബർ 12-ാം തീയതിയാണ് ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടത്. സീഷൻ സിദ്ദിഖിന്റെ ഓഫീസിലേക്കെത്തിയ അദ്ദേഹത്തെ അക്രമികൾ വെടിവയ്‌ക്കുകയായിരുന്നു. സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ ഉൾപ്പെട്ടവർ പിടിയിലായിരുന്നു.
സൽമാൻ ഖാനുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു ബാബാ സിദ്ദിഖ്. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിൽ. സീഷൻ സിദ്ദിഖിനെ കൊലപ്പെടുത്താനും അക്രമികൾ പദ്ധതിയിട്ടിരുന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ.