വനിത ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ വിൻഡീസിനെ ആവേശ പോരിൽ 9 റൺസിന് വീഴ്‌ത്തി കിവീസ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ കിരീടത്തിന് പുതിയ അവകാശി വരുമെന്ന് ഉറപ്പായി. ന്യൂസിലൻഡ് ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻസിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ സാധിച്ചുള്ളു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ന്യൂസിലൻഡിന്റെ എതിരാളി.
ഇന്നത്തെ സെമിയിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൂസി ബേറ്റ്സ് (26), ജോർജിയ പ്ലിമ്മർ(33) എന്നിവർക്ക് മാത്രമാണ് കിവീസ് നിരയിൽ തിളങ്ങാനായത്. വിൻഡീസിന്റെ അച്ചടക്കത്തോടെയുള്ള ബൗളിംഗിന് മുന്നിൽ കിവീസ് നിരയുടെ മുട്ടിടിച്ചു. 14 പന്തിൽ 20 റൺസെടുത്ത ഇസബെല്ല ഗാസേ ആണ് ന്യൂസിലൻഡിനെ 100 കടത്തിയത്. നാലു വിക്കറ്റെടുത്ത ഡിയേന്ദ്ര ഡോട്ടിൻ ആണ് തിളങ്ങിയത്.
എന്നാൽ മറുപടി ബാറ്റിംഗിൽ വിൻഡീസിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 22 പന്തിൽ 33 റൺസെടുത്ത ഡോട്ടിന് മാത്രമാണ് തിളങ്ങാനായത്. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസ് 15 റൺസെടുത്ത് പുറത്തായി. എഫി ഫ്ളെച്ചർ 17 റൺസുമായി പുറത്താവാതെ നിന്നെങ്കിലും ജയം അകലെയായിരുന്നു. സായിദ ജയിംസിന്റെ (8 പന്തിൽ 14) വിക്കറ്റാണ് മത്സരം ന്യൂസിലൻഡിന് അനുകൂലമാക്കിയത്. ഈഡൻ കാർസൺ മൂന്ന് വിക്കറ്റ് പിഴുതപ്പോൾ. അമേലിയ കെർ രണ്ടു വിക്കറ്റ് സ്വന്തമാക്കി. ഫ്രാൻ ജൊനാസ്, ലിയ തഹുഹു സൂസി ബേറ്റ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.