പാലക്കാട്: എൽഡിഎഫും യുഡിഎഫും തമ്മിലൊരു അന്തർധാരയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് യുഡിഎഫ്, ചേലക്കര എൽഡിഎഫ് എന്നതാണ് ഇരു പാർട്ടികളും തമ്മിലുള്ള ഡീലെന്നും നേമം, മഞ്ചേശ്വരം, തൃശൂർ തെരഞ്ഞെടുപ്പുകളിൽ അവരുടെ ഡീൽ എന്താണെന്ന് എല്ലാവരും കണ്ടതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ബിജെപിയുമായി ഡീലുണ്ടെന്ന് മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞു. 2019-ലെ പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ തോൽവിയെ കുറിച്ചുള്ള പാർട്ടിയുടെ റിപ്പോർട്ട് രാജേഷ് മറന്ന് പോയെന്ന് തോന്നുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠൻ എങ്ങനെ ജയിച്ചുവെന്ന് എല്ലാവരും മനസിലാക്കേണ്ടതുണ്ട്. കോൺഗ്രസും സിപിഎമ്മും പറയുന്നു ബിജെപിയുമായി ഡീൽ ഉണ്ടെന്ന്. എന്ത് ഡീലാണ് ഉള്ളത്.
ശ്രീകണ്ഠനെ സഹായിക്കാൻ ഒരു വിഭാഗം സിപിഎം പ്രവർത്തകർ പരിശ്രമിച്ചുവെന്നത് പാർട്ടി തന്നെ വിലയിരുത്തിയ കാര്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗവുമായി കോൺഗ്രസ് ഉണ്ടാക്കിയ ധാരണയുടെ പേരിലാണ് എംബി രാജേഷ് 2019-ൽ പരാജയപ്പെട്ടത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഡീലെങ്കിൽ, ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത തോൽവി സിപിഎമ്മിന് എങ്ങനെയുണ്ടായി. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും സിപിഎം താഴേക്കാണ് പോകുന്നത്. 2021-ൽ ഷാഫി പറമ്പിലിൽ ജയിച്ചപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദം പ്രകടിപ്പിച്ചത് സിപിഎമ്മാണ്. പാലക്കാട് നിയമസഭയിലെയും ജില്ലയിലെയും സിപിഎം നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നോക്കിയാൽ ഡീലിന്റെ കാര്യം വ്യക്തമായി മനസിലാകും.
കേരളത്തിന്റെ പ്രതിപക്ഷം എവിടെയാണ് നിൽക്കുന്നത്. പിണറായി സർക്കാരിനെ പ്രതിരോധിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിവില്ല. നിയമസഭയ്ക്ക് അകത്തുള്ള പൊറാട്ട് നാടകമല്ലാതെ മറ്റൊന്നിനും പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. കോൺഗ്രസ് ഒരു പ്രത്യേക പാർട്ടിയായി മാറിയിരിക്കുന്നു. കോൺഗ്രസിനെ ഒരു മാഫിയ സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പിണറായി വിജയനുമായി ചേർന്നാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.