സോഫയിലിരുന്ന് ഉറങ്ങിപോകുന്നത് എല്ലാവർക്കും ഒരു സാധാരണ സംഭവമാണ്. എന്നാൽ അവിടെ നിന്നും എഴുന്നേറ്റ് ബെഡിൽ പോയി കിടന്നാൽ പലർക്കും പിന്നെ ഉറക്കം വരാറില്ല. ഇതിനുപിന്നിലെ കാരണം ചിന്തിച്ച് തലപുകച്ചിട്ടുണ്ടോ? എന്നാലിനി കൺഫ്യൂഷനാവേണ്ട, അതിനുപിന്നിലുള്ള കാരണമറിയാം.
ക്ഷീണം തോന്നുമ്പോൾ സോഫയിലിരുന്ന് ഉറങ്ങിപോകുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. ഇതിനെ സ്ലീപ്പിങ് പ്രെഷർ എന്നാണ് പറയുന്നത്. ദിവസത്തിന്റെ മുഴവൻ സമയവും നമ്മുടെ ശരീരത്തിൽ സ്ലീപ്പിങ് പ്രെഷർ വർധിച്ചുകൊണ്ടിരിക്കും. ഇതിനിടയ്‌ക്ക് കുറച്ച് സമയം സോഫയിലിരിക്കുമ്പോൾ നിങ്ങളുടെ തലച്ചോർ വിശ്രമിക്കാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു.
ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ അഡിനോസിൻ അടിഞ്ഞുകൂടുന്നതാണ് സ്ലീപ്പിങ് പ്രെഷറിന് കാരണം. ഇത് ദിവസം മുഴുവൻ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ചെറിയൊരു വിശ്രമത്തിനായി ഇരുന്നാൽ പോലും നിങ്ങളെ അത് ഒരു ഉറക്കത്തിലേക്ക് തള്ളിവിടും.
എന്നാൽ അവിടെ നിന്നും കിടക്കയിലേക്ക് മാറുമ്പോൾ നിങ്ങളുടെ ഉറക്കം അപ്രത്യക്ഷമാകും. സ്ലീപ്പിങ് സൈക്കിളിൽ പെട്ടന്നുണ്ടായ തടസമാണ് അതിനുകാരണം. ബെഡിലേക്ക് നീങ്ങുമ്പോൾ ശരീരം വിശ്രമാവസ്ഥയിൽ നിന്നും വീണ്ടും ചലനാവസ്ഥയിലേക്ക് മാറുന്നു. അതിനാൽ വീണ്ടും ഉറങ്ങാൻ ശ്രമിക്കുമ്പോൾ ഈ സ്ലീപ്പിങ് പ്രെഷർ നിങ്ങൾക്ക് അനുഭവപ്പെടില്ല. മാത്രമല്ല പിരിമുറുക്കം ഉത്കണ്ഠ മറ്റു മാനസിക പ്രശ്ങ്ങൾ എന്നിവയും ബെഡിലെ ഉറക്കത്തെ ബാധിച്ചേക്കാം. ശബ്ദം, വെളിച്ചം, താപനില തുടങ്ങിയ ഘടകങ്ങളും ഉറക്കത്തെ തടസപ്പെടുത്തുന്നവയാണ്.