ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന. ബാരമുള്ളയിലെ ഉറി സെക്ടറിലുള്ള കമൽകോട്ടിലെ നിയന്ത്രണ രേഖയ്‌ക്കടുത്താണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഒരു ഭീകരനെ സൈന്യംവധിച്ചു.
ബാരാമുള്ള പൊലീസിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സൈനികരും ചേർന്ന് മേഖലയിൽ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു.
നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. ഇതോടെ സൈനികർ ശക്തമായി തിരിച്ചടിച്ചു. ദുർഘടമായ ഭൂപ്രദേശമായതിനാൽ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. മേഖലയിൽ ഓപ്പറേഷൻ പുരോഗമിക്കുകയാണ്.