കോളിഫ്ലവർ പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഫൈബറുകൾ എന്നിവ അടങ്ങിയ ഈ സസ്യാഹരം വളരെ കുറഞ്ഞ കലോറിയുമാണ്. വയറും ശരീരഭാരവും കുറയ്‌ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ടുന്ന ഒരു ലോ-കാർബ് പച്ചക്കറിയാണ് ഇത്. ഹോർമോണുകളെ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും സഹായിക്കുന്ന ഇൻഡോൾ പോലുള്ള സംയുക്തങ്ങൾ കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും എല്ലാവർക്കും എല്ലായ്പ്പോഴും കോളിഫ്ലവർ കഴിക്കുന്നത് ഗുണകരമാവണമെന്നില്ല. അതിനുള്ള കാരണങ്ങൾ അറിഞ്ഞിരിക്കാം.
കോളിഫ്ലവറിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ചിലരിൽ വയറുവേദനയ്‌ക്കും ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കോളിഫ്ലവർ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് അനുയോജ്യം.
രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്നുകൾ കഴിക്കുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കണം. കോളിഫ്ലവർ വിറ്റാമിൻ K യുടെ പ്രധാന ഉറവിടമാണ്. വിറ്റാമിൻ K രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ കൂടുതൽ വേഗത്തിലാക്കുന്നു. അതായത് കഴിക്കുന്ന മരുന്നുകൾക്കെതിരെ ഇത് പ്രവർത്തിക്കും. അതിനാൽ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തോടെ മാത്രമേ അത്തരക്കാർ കോളിഫ്ലവർ കഴിക്കാവൂ.
തൈറോയ്ഡ് രോഗാവസ്ഥയുള്ളവരും കോളിഫ്ളവർ ഭക്ഷണത്തിൽ വളരെ മിതമായി ഉപയോഗിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ഇതിൽ ഗോയിട്രോജൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അയൊഡിൻ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു.