കൊൽക്കത്ത: ദന ചുഴലിക്കാറ്റിനോടനുബന്ധിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതിനാൽ സ്കൂളുകൾ അടച്ചിടുമെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒക്ടോബർ 24ന് ബംഗാൾ തീരത്ത് ദന കരതൊടുമെന്നാണ് പ്രവചനം. ഇന്നുമുതൽ (ഒക്ടോബർ 24) ശനിയാഴ്ച വരെ (ഒക്ടോബർ 26) സംസ്ഥാനത്തെ സ്കൂളുകൾ തുറക്കില്ലെന്ന് ബംഗാളിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സൗത്ത് 24 പർഗനാസ്, നോർത്ത് 24 പർഗനാസ്, പർബ മേദിനിപൂർ, പാസ്ചിം മേദിനിപൂർ, ഝാർഗ്രാം, ബങ്കൂറ, ഹൂഗ്ലി, ഹൗറ, കൊൽക്കത്ത എന്നീ ജില്ലകളിലെ എല്ലാ അദ്ധ്യയനവർഷ പ്രവർത്തനങ്ങളും നിർത്തിവയ്‌ക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.
ദന ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ബംഗാളിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തെ 85 കേന്ദ്രങ്ങളിലായി അടിയന്തര സർവീസുകൾക്ക് സൗകര്യം ഒരുക്കിയിരിക്കുകയാണ് അഗ്നിശമനസേന. ബംഗാളിൽ കൂടാതെ ഒഡിഷയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശസേന അതീവ ജാഗ്രതയിലാണ്. ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആറ് ട്രെയിനുകളാണ് റദ്ദാക്കിയത്.