പാലക്കാട്: മതേതരത്വം പറയുന്ന പാലക്കാട്ടെ ഇടതു-വലത് സ്ഥാനാർത്ഥികൾക്ക് എസ്ഡിപിഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ട് വേണ്ടെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടോയെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പാലക്കാട് ഇത്തവണ വികസനമാണ് തെരഞ്ഞെടുപ്പ് അജണ്ടയെന്നും പക്ഷേ, വിവാദ രാഷ്ട്രീയമാണ് ഇടതു-വലത് സ്ഥാനാർത്ഥികൾ മുന്നോട്ട് വയ്ക്കുന്നതെന്നും കൃഷ്ണകുമാർ വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനംടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇടതു-വലത് സ്ഥാനാർത്ഥികൾക്ക് പാലക്കാട്ടെ വികസനം ചർച്ച ചെയ്യാൻ താത്പര്യമില്ല. കാരണം, വികസനം ചർച്ച ചെയ്ത് കഴിഞ്ഞാൽ രണ്ട് മുന്നണികൾക്കും ഇവിടെ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന് അവർക്ക് അറിയാം. പി വി അൻവറുമായുള്ള ചർച്ചയൊക്കെയാണ് അവർ ഇപ്പോൾ വിഷയമാക്കുന്നത്.
രാഹുലും സരിനുമൊക്കെ യഥാർത്ഥ മതേതരവാദികൾ ആണെങ്കിൽ, നിരപരാധികളെ കൊലപ്പെടുത്തിയ എസ്ഡിപിഐയുടെയും രാജ്യദ്രോഹം നടത്തുന്ന ജമാഅത്ത് ഇസ്ലാമിയുടെയും വോട്ട് വേണ്ടെന്ന് പറയണം. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് അവർ തെളിയിക്കട്ടെ. എന്നാൽ ഞങ്ങൾ അവരെ യഥാർത്ഥ മതേതരവാദികളായി അംഗീകരിക്കാം. അല്ലെങ്കിൽ അവർ കപട മതേതരവാദികളാണ്”.
മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് പാലക്കാട് വികസനം വന്നത്. ഷാഫി പറമ്പിലിൽ തുടക്കമിട്ട പദ്ധതികൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. എൽഡിഎഫും ഇതിൽ തുല്യ പങ്കാളിയാണ്. പാലക്കാടിന്റെ കുടിവെള്ളം പ്രശ്നം പരിഹരിച്ചത് മോദി സർക്കാരാണ്. നഗരസഭയിൽ ബിജെപിയുടെ ഭരണസമിതി വിവിധ വികസന പദ്ധതികൾ നടപ്പിലാക്കിയെന്നും സി കൃഷ്ണകുമാർ പറഞ്ഞു.