എറണാകുളം: റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവതിയും യുവാവും പിടിയിൽ. മലപ്പുറം സ്വദേശികളായ ജിഗ്നേഷും സോനയുമാണ് പിടിയിലായത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ മോഷണ ശ്രമത്തിനിടെ ഇവരെ ആർപിഎഫ് ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള റെയിൽവേ സ്‌റ്റേഷനുകളിലെ വിശ്രമമുറികളിൽ കയറി ഇറങ്ങിയാണ് ഇവർ മോഷ്ടിച്ചിരുന്നത്. റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ആർപിഎഫും ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളുടെ പക്കൽ നിന്നും ഏകദേശം 1 ലക്ഷം രൂപ വിലമതിപ്പുള്ള രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. മോഷ്ടിച്ച മറ്റ് മൊബൈൽ ഫോണുകളെ കുറിച്ചും വിവരം ലഭിച്ചതായി ആർപിഎഫ് പറഞ്ഞു. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് സോനയും ജിഗ്നേഷുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.