പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് ഭേദപ്പെട്ട നിലയിൽ. ആദ്യ സെഷനിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ലഞ്ചിന് പിരിയുമ്പോൾ 31 ഓവറിൽ 92/2 എന്ന നിലയിലായിരുന്നു ന്യൂസിലാൻഡ്. അൻപത് ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എന്ന നിലയിലാണ്. 146 പന്തിൽ 76 റൺസെടുത്ത ഡെവോൺ കോൺവെയെയാണ് ഒടുവിലായി അശ്വിൻ മടക്കിയത്. 83 പന്തിൽ 41 റൺസെടുത്ത രചിൻ രവീന്ദ്രയും 32 പന്തിൽ 12 റൺസെടുത്ത ഡാരിൽ മിച്ചലുമാണ് പുറത്താകാതെ നിൽക്കുന്നത്. ആദ്യ ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യ പരമ്പരയിലെ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലാണ് മത്സരം.
നേരത്തെ ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ടോം ലാഥം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ടീമിൽ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. കെ എൽ രാഹുൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ പുറത്തിരുത്തിയപ്പോൾ ശുഭ്മാൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ് എന്നിവർ ടീമിൽ ഇടം കണ്ടെത്തി. നായകൻ ടോം ലാഥമും ഡെവൺ കോൺവെയും ചേർന്ന് കിവീസിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്.
സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ അശ്വിൻ എറിഞ്ഞ എട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ലാഥം എൽബിഡബ്ല്യു ആയി. ഋഷഭ് പന്തിന്റെ ക്യാച്ചിൽ വിൽ യംഗിനെയും പുറത്താക്കിയതോടെ അശ്വിൻ ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കി. പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായതിനാൽ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതേസമയം കെയ്ൻ വില്യംസണിന്റെ അഭാവമാണ് ന്യൂസീലൻഡ് മധ്യനിരയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നത്.