പൂനെ ടെസ്റ്റിൽ ന്യൂസിലൻഡ് 259ന് പുറത്ത്. ഏഴ് വിക്കറ്റ് പിഴുത ഓൾറഔണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ സ്പെല്ലാണ് കിവീസിനെ തകർത്തത്. 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് ടോപ് സ്കോറർ. വെറ്ററൻ താരം അശ്വിന് മൂന്ന് വിക്കറ്റ് ലഭിച്ചു. ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇലവനിൽ മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. സിറാജിന് പകരം സുന്ദറിനെയും കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലിനെയും സ്ക്വാഡിൽ ഉൾപ്പടുത്തി.
ടോസ് നേടി ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡ് 32ൽ നിൽക്കെ ക്യാപ്റ്റൻ ടോം ലാഥം പുറത്തായി. 15 റൺസെടുത്ത ലാഥം അശ്വിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. 18 റൺസുമായി നിന്ന വിൽ യംഗിനെയും ഡെവോൺ കോൺവെയും വീഴ്‌ത്തിയതും അശ്വിൻ ഇന്ത്യക്ക് മേൽക്കൈ നൽകി. പിന്നീട് സുന്ദറിന്റെ ഊഴമായിരുന്നു.
കോൺവെ രചിൻ സഖ്യം നേടിയ 62 റൺസിന്റെ കൂട്ടുക്കെട്ടാണ് കൂട്ടത്തകർച്ചയിൽ നിന്ന് ന്യൂസിലൻഡിനെ രക്ഷിച്ചത്. 65 റൺസെടുത്ത രചിനെ പുറത്താക്കി വാഷിംഗ്ടൺ സുന്ദറാണ് പാർട്ണർഷിപ്പ് പൊളിച്ചത്. പിന്നീട് ഓരോരുത്തരെയായി യുവതാരം കൂടാരം കയറ്റി. ഡാരിൽ മിച്ചൽ(18), ടോം ബ്ലണ്ടൽ(3), ഗ്ലെൻ ഫിലിപ്സ്(9), മിച്ചൽ സാന്റ്നർ(33), ടിം സൗത്തി(5), അജാസ് പട്ടേൽ(4), എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.















