ലക്‌നൗ: അക്ഷയ നേടിയ അർദ്ധസെഞ്ചുറിയുടെ മികവിൽ സീനിയർ വനിതാ ടി-20 ട്രോഫിയിൽ ഹരിയാനയെ 20 റൺസിന് തകർത്ത് കേരളം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ കേരളം കളി തിരികെ പിടിച്ചത് അക്ഷയയുടെ മികച്ച ബാറ്റിങ്ങിലൂടെയായിരുന്നു.
20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ കേരളം 125 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹരിയാനയുടെ പോരാട്ടം 19.3 ഓവറിൽ 105 റൺസിന് അവസാനിച്ചു. ലക്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയ് ക്രിക്കറ്റ് സറ്റേഡിയത്തിലായിരുന്നു മത്സരം.
52 പന്തിൽ നിന്ന് അക്ഷയ 60 റൺസെടുത്തു. അഞ്ച് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. കണ്ണൂർ തലശേരി സ്വദേശിയായ അക്ഷയ ചെറുപ്പം മുതലെ ക്രിക്കറ്റിൽ സജീവമാണ്. വലംകൈ ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ അക്ഷയ അണ്ടർ 23 ഇന്ത്യ ചലഞ്ചേഴ്സ് ടീമിലും അണ്ടർ-19 സൗത്ത് സോൺ ടീമിലും അംഗമായിരുന്നു.
തലശേരി സ്വദേശിയായ സദാനന്ദന്റെയും ഷീജയുടെയും മകളാണ്.