കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം തട്ടിയെടുത്ത കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. അന്വേഷണത്തിനായി പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പൊലീസ് കോടതിയിൽ അപേക്ഷ നൽകിയത്. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിച്ച് മൂന്ന് ദിവസത്തയ്‌ക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളുമായി തിക്കോടി കാത്തലിക് സിറിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി ബീച്ച്, ബാഗും പർദ്ദയും ഉപേക്ഷിച്ച തുറശ്ശേരികടവ് പാലം എന്നിവിടങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തി. 72 ലക്ഷം രൂപയുടെ തട്ടിപ്പ് ആണ് നടത്തിയത്. ഇതിൽ 42.39 ലക്ഷം രൂപ വില്യാപ്പള്ളി മലാറക്കൽ മസ്ജിദിൽ ഖത്തീബ് ആയ താഹയിൽ നിന്നാണ് കണ്ടെത്തിയത്.
മലാറക്കൽ പള്ളിക്കെടിടത്തിലെ മൂന്നാം നിലയിൽ നിന്ന് 37 ലക്ഷം കണ്ടെടുത്തു. അതോടൊപ്പം രണ്ട് മാസം മുൻപ് താഹ വായ്പ വാങ്ങിയ 5 ലക്ഷം രൂപ മടക്കി നൽകിയതായും പൊലീസ് കണ്ടെത്തി. ബാക്കി പണം കണ്ടെത്താനുണ്ട്. തട്ടിപ് നടത്തിയത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപിയും ഹിന്ദു ഐക്യവേദിയും നേരത്തെ രംഗത്ത് വന്നിരുന്നു.
കേസിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ, തട്ടിയെടുത്ത പണം എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളിലെ ദുരൂഹത നീക്കാൻ വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഇന്ത്യ വൺ എടിഎമ്മിൽ നിറയ്‌ക്കാനായി ഫെഡറൽ ബാങ്കിൽ നിന്ന് പണവുമായി പോയ വാഹനം പർദ്ദധാരി കൈകാണിച്ചുവെന്നും നിർത്തിയപ്പോൾ രണ്ട് പേർ കൂടി അതിക്രമിച്ചുകയറി മുളകുപൊടി വിതറി ആക്രമിച്ച് ബോധം കെടുത്തിയെന്നുമായിരുന്നു സുഹൈൽ എന്നയാൾ പറഞ്ഞത്. എന്നാൽ സുഹൈലിന്റെ വാക്കുകളിൽ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യാജ തട്ടിപ്പ് കഥയുടെ ചുരുളഴിഞ്ഞത്.















