പാരിസ്: ഈ വർഷത്തെ ബലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രി. ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിനെയും ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെയും മറികടന്നാണ് റോഡ്രി പുരസ്‌കാരം നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും സ്പെയിൻ ദേശീയ ടീമിന് വേണ്ടിയും ഗംഭീര പ്രകടനമാണ് ഇക്കഴിഞ്ഞ സീസണിൽ താരം കാഴ്‌ച്ചവെച്ചത്. ഏറെ നാളുകൾക്ക് ശേഷം ലയണൽ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടം പിടിക്കാതെ പോയ 30 അംഗ പട്ടികയിൽ യുവതാരങ്ങളാണ് കൂടുതൽ ഇടം നേടിയത്.
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെ പിന്തള്ളിയാണ് റോഡ്രി പുരസ്‌കാരം സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരമായ ജൂഡ് ബെലിങ്ങാം മൂന്നാമതായി. വനിതാ ബലൻ ഡി ഓർ പുരസ്‌കാരത്തിന് തുടർച്ചയായ രണ്ടാം തവണയും സ്പാനിഷ് താരം എയ്റ്റാന ബോൺമാറ്റി അർഹയായി. വനിതാ ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാർസിലോണ കിരീടം നിലനിർത്തുന്നതിൽ എയ്റ്റാന നിർണായക പങ്ക് വഹിച്ചിരുന്നു. എയ്റ്റാനയുടെ സഹതാരങ്ങളായ കരോളിൻ ഗ്രഹാം ഹാൻസൻ രണ്ടാം സ്ഥാനവും സൽമ പരാലുവേലോ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സ്‌പെയിനിന് ഇരട്ടി മധുരം സമ്മാനിക്കുന്നതാണ് ഇത്തവണത്തെ ബലൻ ഡി ഓർ പുരസ്‌കാര പ്രഖ്യാപനം. ചരിത്രത്തിൽ ആദ്യമായി ഒരു രാജ്യത്തിൽ നിന്നുള്ള പുരുഷ-വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് ഒരേസമയം ബലൻ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കിയതും സ്പാനിഷ് താരമായ ലമീൻ യമാലാണ്. 21 വയസ്സിൽ താഴെയുള്ള താരങ്ങൾക്ക് നൽകുന്ന ഈ പുരസ്‌കാരം നേടുന്ന 18 വയസ്സിൽ താഴെയുള്ള ആദ്യ താരം കൂടിയാണ് പതിനേഴുകാരനായ യമാൽ.