തിരുവനന്തപുരം: നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ക്ഷേത്രത്തിനുള്ളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ വെളിപ്പെടുത്തലിൽ ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ പി ശശികല ടീച്ചർ. നികൃഷ്ടമായുള്ള നടപടികളാണ് സർക്കാരിന്റെയും ദേവസ്വത്തിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും നെഗറ്റീവ് പബ്ലിസിറ്റി കിട്ടാൻ വേണ്ടി അവർ ശ്രീകോവിലിന് അകത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുമെന്നും ശശികല ടീച്ചർ പറഞ്ഞു. സംഭവത്തിൽ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അവർ.
പബ്ലിസിറ്റിക്ക് വേണ്ടി തുണിയഴിച്ച് അവർ ശ്രീകോവിലിന് മുന്നിൽ നിൽക്കില്ല എന്ന കാര്യത്തിൽ ഉറപ്പുണ്ടോ. പ്രശാന്ത് പ്രഡിസന്റ് സ്ഥാനത്തിരിക്കാൻ അർഹനല്ല. ഈ പ്രസ്താവന കാരണം അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. ആ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവയ്‌ക്കണം.
വരുമാനവും പബ്ലിസിറ്റിയുമാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. എങ്ങനെയെങ്കിലും പബ്ലിസിറ്റി കിട്ടിയാൽ മതിയെന്ന് വിചാരിച്ചാണ് അവർ ഓരോ കാര്യങ്ങൾ ചെയ്യുന്നത്. നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടി ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നു. വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചതിന് ജനങ്ങളെ അവർ ശിക്ഷിക്കുകയാണ്.
ഹൈന്ദവർക്ക് എന്ത് പ്രശ്നം വന്നാലും ഹിന്ദു ഐക്യവേദിയ്‌ക്ക് നോക്കിയിരിക്കാൻ കഴിയില്ല. ഞാൻ ഹിന്ദുവാണെന്ന് പറയാൻ ധൈര്യമുള്ള ഒരു എംഎൽഎ പോലുമില്ല. ഹിന്ദു മനോഭാവം ഇല്ലാത്തവർ ഇതും ചെയ്യും ഇതിന്റെ അപ്പുറവും ചെയ്യും. നാളെ ക്ഷേത്രത്തിന് മുന്നിൽ വ്യഭിചാരം നടത്തിയാലും നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്ന് അവർ പറയും. ഇതുപോലെയുള്ള നെറികെട്ട വ്യക്തികൾ ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കരുത്. ഇവരെയൊക്കെ ചൂലെടുത്ത് അടിച്ചിറക്കി ചാണകം തളിക്കണമെന്നും ശശികല ടീച്ചർ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഫ്ലക്‌സ് ബോർഡുകളാണ് ക്ഷേത്രത്തിന് അകത്ത് വക്കാൻ ദേവസ്വം ബോർഡ് അനുവദിച്ചത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു നടപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ കുത്തിനിറച്ച ഫ്‌ളക്‌സ് ബോർഡ് ക്ഷേത്രത്തിനുളളിൽ രാഷ്‌ട്രീയ പ്രചാരണം ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാട്ടി ഭക്തർ ഒന്നാകെ രംഗത്തെത്തുകയായിരുന്നു.