നടൻ ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറുടെയും വിവാഹത്തിന് പിന്നാലെ സൈബർ ഇടങ്ങളിൽ പരിഹാസവുമായി ഒരു വിഭാഗം. രണ്ടാം വിവാഹം കഴിച്ചതിനെതിരെയാണ് പരിഹാസങ്ങൾ ഉയരുന്നത്. ബ്രാഹ്മണ ആചാര പ്രകാരമുള്ള ഇരുവരുടെയും വിവാഹചടങ്ങുകൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങൾക്കും വീഡിയോയ്‌ക്കും താഴെയാണ് മോശം കമന്റുകൾ.
ക്രിസ് വേണുഗോപാലിന്റെ ശരീരപ്രകൃതത്തെയും ഇരുവരുടെയും പ്രായത്തെയും കുറിച്ചാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. “ഇത്രയും പ്രായമുള്ള വ്യക്തിയെ എന്തിനാണ് കല്യാണം കഴിക്കുന്നത്, അച്ഛനും മകളും പോലെയുണ്ട്, ഇത്ര വലിയ നടിയായിട്ടും അപ്പൂപ്പനെ മാത്രമേ കല്യാണം കഴിക്കാൻ കിട്ടിയുള്ളോ, മോളേ കെട്ടിക്കേണ്ട സമയത്താണ് അമ്മയുടെ കല്യാണം നടത്തുന്നത്, കെളവനെ കെട്ടിയിട്ട് എന്ത് ചെയ്യാനാ” എന്നിങ്ങനെ മോശം കമന്റുകളാണ് ഇരുവർക്കെതിരെയും വരുന്നത്.
അതേസമയം, അമ്മയ്‌ക്കൊരു കൂട്ടായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ദിവ്യ ശ്രീധറുടെ മക്കൾ പ്രതികരിച്ചു. വിവാഹാലോചന വന്നപ്പോൾ അമ്മ ആദ്യം ഞങ്ങളോടാണ് പറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. അമ്മയ്‌ക്ക് നല്ലൊരു കൂട്ടും കിട്ടി. ഞങ്ങൾക്കൊരു അച്ഛനെയും കിട്ടി. അമ്മ എപ്പോഴും സന്തോഷമായി ഇരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മക്കൾ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് മക്കളുടെ സാന്നിധ്യത്തിലാണ് താരങ്ങളുടെ വിവാഹം നടന്നത്. ഒരു സീരിയലിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വിവാഹലോചനയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹവിവരം താരങ്ങൾ പങ്കുവച്ചത്. മക്കളുടെ സമ്മതത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്ന് ദിവ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.