ദിസ്പൂർ: അസമിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തേജ്പൂരിലെ അതിർത്തി മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് പ്രതിരോധ മന്ത്രി ദീപാവലി ആഘോഷിച്ചത്. 4 കോർപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും പങ്കെടുത്തു.
ഈസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ ചീഫ് ലെഫ്റ്റനൻ്റ് ജനറൽ ആർ.സി. തിവാരി, 4 കോർപ്പിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനൻ്റ് ജനറൽ ഗംഭീർ സിംഗ്, ഇന്ത്യൻ കരസേനയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് പ്രതിരോധ മന്ത്രി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. സൈനികർക്ക് ദീപാവലി ആശംസകൾ നേർന്ന പ്രതിരോധ മന്ത്രി അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.
അയൽരാജ്യവുമായി സൗഹൃദപരമായ ബന്ധം നിലനിർത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇതാണ് ഇന്ത്യയുടെ നയമെന്നും രാജ്നാഥ് സിംഗ് സൈനികരോട് പറഞ്ഞു. നമുക്ക് സുഹൃത്തുക്കളെ മാറ്റാൻ കഴിയും. പക്ഷേ, അയൽക്കാരെ മാറ്റാൻ സാധിക്കില്ലെന്ന് മുമ്പൊരിക്കൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പറഞ്ഞിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കും. സൈനികർ രാജ്യത്തെ യുവാക്കൾക്ക് എന്നും പ്രചോദനമാണ്. എന്നും ഒറ്റക്കെട്ടായും സൗഹൃദപരമായും പ്രവർത്തിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അരുണാചൽ പ്രദേശിലെ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പവും രാജ്നാഥ് സിംഗ് ദീപാവലി ആഘോഷിച്ചു. ഇന്ത്യ- ചൈന അതിർത്തിയിലുള്ള സൈനികരെ പങ്കെടുപ്പിച്ചായിരുന്നു ആഘോഷം.