കോട്ടയം: ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കാനും ആചാര സംരക്ഷണത്തിനും ഏതറ്റം വരെയും പോകുമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശബരിമല അയ്യപ്പ സേവാ സമാജം പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. ശബരിമലയിലെ തീർത്ഥാടകർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്രത ശുദ്ധിയോടെ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനം നടത്താനുള്ള സൗകര്യം ഉറപ്പാക്കും. കഠിനവ്രതം എടുത്ത് വരുന്നവർ ദർശനം ലഭിക്കാതെ മാലയൂരി തിരികെ പോകേണ്ട അവസ്ഥയുണ്ടാകാൻ അനുവദിക്കില്ല. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുരക്ഷിത യാത്രയും സുഗമമായ ദർശനവും നടപ്പിലാക്കും. ഇത്രയും ദിവസം കഴിഞ്ഞിട്ടും അവിടെ തീർത്ഥാടകർക്ക് ആവശ്യമായ യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഭക്തർക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. ഇതുപോലെയാണ് തീർത്ഥാടനം ഇനിയും മുന്നോട്ട് പോകുന്നതെങ്കിൽ ശബരിമല വലിയ കുഴപ്പത്തിലാകുമെന്നും അയ്യപ്പ സേവാ സമാജം വ്യക്തമാക്കി.
ഭക്തരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി അയ്യപ്പ സേവാ സമാജം പലവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതിനായി മുതിർന്ന ഗുരുസ്വാമിമാർ, ശബരിമല തന്ത്രിമാർ, മുൻ മേൽശാന്തിമാർ എന്നിവരുടെ ഗുരുസ്വാമി സംഗമം നവംബർ രണ്ടിന് നടക്കും. കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിലാണ് യോഗം നടക്കുന്നത്. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ യോഗം ഉദ്ഘാടനം ചെയ്യും.
പ്ലാസ്റ്റിക് മുക്തതീർത്ഥാടനം, പരിസ്ഥിതി സംരക്ഷണം, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യും. തീർത്ഥാടകരുടെ സുരക്ഷിത യാത്രയും സുഗമമായ ദർശനവും സാധ്യമാക്കുന്നതിനുള്ള നിർദേശങ്ങൾ തയാറാക്കി അധികൃതർക്ക് സമർപ്പിക്കുമെന്നും അയ്യപ്പ സേവാ സമാജം വ്യക്തമാക്കി.