ന്യൂഡൽഹി: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം സംശയത്തിലിരിക്കെ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രമിന്റെ വാക്കുകൾ. മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വരാൻ തയാറായാൽ പാക് ക്രിക്കറ്റ് ആരാധകർ താരങ്ങൾക്ക് ഗംഭീര സ്വീകരണം നൽകുമെന്നാണ് മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ പറയുന്നത്.
“ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിക്കും ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കും സൂര്യകുമാർ യാദവിനും ഹാർദിക് പാണ്ഡ്യക്കുമെല്ലാം പാകിസ്താനിൽ നിരവധി ആരാധകരുണ്ട്. ഇന്ത്യൻ ടീമിലുള്ളവരാണ് രാജ്യത്തെ യുവാക്കളുടെ ഇഷ്ടതാരങ്ങൾ,” വസീം പറഞ്ഞു. ഇതിനുമുൻപും ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് വരാൻ തയാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. പാകിസ്താൻ ക്രിക്കറ്റിന്റെ വളർച്ചയ്‌ക്ക് ഈ ടൂർണമെന്റ് നിർണായകമാണെന്നും വസീം അഭിപ്രായപ്പെട്ടു.
ഉഭയകക്ഷി പരമ്പരയിൽ പങ്കെടുക്കാൻ 2008ലാണ് ഇന്ത്യ അവസാനമായി പാകിസ്താനിലേക്ക് പോയത്. ഏഷ്യാ കപ്പിന്റെ അവസാന പതിപ്പിന് പാകിസ്താൻ ആഥിതേയത്വം വഹിച്ചിരുന്നു. ഈ അവസരത്തിൽ ഐസിസിക്ക് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽവച്ച് നടത്തേണ്ടി വന്നു. ഇത്തവണയും ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. എല്ലാ മത്സരങ്ങളും നടത്താൻ ബദൽ വേദി ക്രമീകരിക്കാൻ ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.